ചെന്നൈ: ഈ ഓണത്തിന് മലയാള സിനിമയ്ക്ക് നല്ലകാലം കൊണ്ടുവരുമോ? ഇക്കുറി ഓണത്തിന് ബിഗ് ബജറ്റ് ചിത്രങ്ങൾ തീയറ്ററിലേക്ക് എത്തുകയാണ്. മലയാള സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാലിന്റെ റാം, ദുൽഖർ സൽമാന്റെ കിങ് ഓഫ് കൊത്ത എന്ന ചത്രങ്ങളാണ് ഓഗസ്റ്റിൽ റിലീസ് പ്രതീക്ഷിക്കുന്നത്. വലിയ മുതൽ മുടക്കിൽ തയാറാക്കിയ രണ്ട് സിനിമകളും ഈ വർഷം ഓഗസ്റ്റിൽ റിലീസിനെത്തും എന്നാണ് സിനിമാ മേഖലയിൽ നിന്നുള്ള സൂചന.

ഓണം റിലിസായെത്തുന്ന രണ്ട് സിനിമകളും ഇരുവരുടെയും ആരാധകർക്കുള്ള ഓണ സമ്മാനമായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം രണ്ട് ഭാഗങ്ങളായാണ് റീലീസ് ചെയ്യുക. ട്വൽത്ത് മാന് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് മൂന്ന് വർഷം മുൻപ് ആരംഭിച്ചിരുന്നെങ്കിലും കോവിഡ് പ്രതിസന്ധി മൂലം ഷൂട്ടിങ് നിർത്തി വേക്കെണ്ടി വന്നു. പിന്നാലെ കഴിഞ്ഞ ഓഗസ്റ്റിലാണ് ചിത്രീകരണം പുനരാരംഭിച്ചത്.

തമിഴ് താരം തൃഷയാണ് റാമിലെ നായിക. ശ്യാമപ്രസാദിന്റെ ഹേ ജൂഡിലൂടെ മലയാളത്തിൽ അരങ്ങേറിയ തൃഷയുടെ രണ്ടാമത്തെ മലയാള ചിത്രമാണ് റാം.എറണാകുളം , ധനുഷ്‌കോടി, ഡൽഹി, ഉസ്‌ബെക്കിസ്ഥാൻ, കെയ്‌റോ, ലണ്ടൻ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകൾ. സീ സ്റ്റുഡിയോസും ദുൽഖറിന്റെ വേഫേറെർ ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന കിങ് ഓഫ് കൊത്ത മലയാളം, തമിഴ്, തെലുഗ്, ഹിന്ദി, കന്നട തുടങ്ങി അഞ്ചു ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്.

ഇന്ദ്രജിത്ത്, സുരേഷ് മേനോൻ, സിദ്ദിഖ്, ദുർഗ കൃഷ്ണ, ആദിൽ ഹുസൈൻ, ചന്തുനാഥ് എന്നിവരാണ് റാമിലെ മറ്റുതാരങ്ങൾ. ഛായാഗ്രഹണം സതീഷ് കുറുപ്പ്. എഡിറ്റിങ് വി എസ്. വിനായക്. സംഗീതം വിഷ്ണു ശ്യാം.

പ്രശസ്ത സംവിധായകനായ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കിങ് ഓഫ് കൊത്ത.രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് കിങ് ഓഫ് കൊത്ത പറയുന്നത്. ജേക്‌സ് ബിജോയ്, ഷാൻ റഹ്മാൻ എന്നിവരാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഘട്ടനരംഗങ്ങളൊരുക്കുന്നത് രാജശേഖറാണ്.