തിരുവനന്തപുരം: കേരള ബോക്‌സോഫീസിൽ നിന്നും പണം വാരി പൊന്ന്യൻ സെൽവൻ 2. മികച്ച അഭിപ്രായം നേടി മുന്നേറുന്ന ചിത്രം മറ്റ് മലയാള സിനിമകളെയും കടത്തിവെട്ടുന്ന വിധത്തിലാണ് കേരളത്തിൽ പണം വാരുന്നത്. അടുത്തിടെ ഇറങ്ങിയ മലയാള ചിത്രങ്ങൾ കേരളത്തിലെ ബോക്സ്ഓഫീസിൽ നിന്ന് മികച്ച കളക്ഷൻ നേടാൻ ബുദ്ധിമുട്ട് നേരിടുമ്പോൾ കോടികൾ വാരി മണിരത്നം ചിത്രം പൊന്നിയിൻ സെൽവൻ 2. റിലീസ് ചെയ്ത് നാല് ദിവസം കൊണ്ട് ചിത്രം ഇത് വരെ നേടിയത് 150 കോടി രൂപക്ക് മുകളിലാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഇത്രയും ദിവസങ്ങൾ കൊണ്ട് ചിത്രം കേരളത്തിൽ നിന്ന് നേടിയത് 10 കോടി രൂപയാണെന്നാണ് റിപ്പോർട്ട്. ചിത്രം മികച്ച അഭിപ്രായം നേടിയതോടെ കേരള ബോക്സ് ഓഫീസിലെ മാന്ത്രിക സംഖ്യകളിലേക്ക് പ്രവേശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മണിരത്നത്തിന്റെ ഇതിഹാസ ചിത്രം 70 വർഷം മുമ്പ് എഴുതിയ കൽക്കി കൃഷ്ണമൂർത്തിയുടെ നോവൽ പരമ്പരയെ അടിസ്ഥാനമാക്കിയാണ്.

പൊന്നിയിൻ സെൽവൻ രാജരാജ ചോളന്റെയും കിരീടാവകാശിയുടെയും സാങ്കൽപ്പിക കഥയാണ് പറയുന്നത്. വിക്രം, തൃഷ, പ്രകാശ് രാജ്, കിഷോർ, ശരത്കുമാർ, കാർത്തി, ജയം രവി, ഐശ്വര്യ റായ്, ജയറാം എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുത്. എ ആർ റഹ്മാൻ സംഗീതവും രവി വർമ്മൻ ഛായാഗ്രഹണവും നിർവ്വഹിച്ചിരിക്കുന്നു.