- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലോകേഷ് കനകരാജിന്റെ അടുത്ത ചിത്രം പ്രഭാസിനൊപ്പം; പ്രഭാസിനോട് കഥയുടെ 'വൺ-ലൈൻ' പറഞ്ഞു; പാൻ-ഇന്ത്യൻ ചിത്രമായി ഒരുക്കുമെന്നും റിപ്പോർട്ട്
ചെന്നൈ: തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകരിൽ ഒരാളാണ് ലോകേഷ് കനകരാജ്. 'വിക്രമി'ന്റെ ഗംഭീര വിജയത്തിന് ശേഷം വിജയ്ക്കൊപ്പമുള്ള രണ്ടാം ചിത്രത്തിന്റെ അണിയറയിലാണ് സംവിധായകനിപ്പോൾ. 'ലിയോ'യ്ക്ക് ശേഷം രജനികാന്തിനെ നായകനാക്കി 'തലൈവർ 171' ഒരുക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ.
എന്നാൽ ലിയോയ്ക്ക് ശേഷം ലോകേഷ് ഒന്നിക്കുക തെലുങ്ക് സൂപ്പർസ്റ്റാർ പ്രഭാസിനൊപ്പമാകും എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്. പ്രഭാസിനോട് കഥയുടെ 'വൺ-ലൈൻ' പറഞ്ഞതായും സംവിധായകനൊപ്പം സിനിമ ചെയ്യാൻ താരം ആഗ്രഹം പ്രകടിപ്പിച്ചതായുമാണ് വിവരം. തെലുങ്കിലെ പ്രമുഖ നിർമ്മാണ കമ്പനി സിനിമയൊരുക്കുമെന്നും പാൻ-ഇന്ത്യൻ ചിത്രമായാണ് പദ്ധതിയിടുന്നതെന്നും റിപ്പോർട്ട് ഉണ്ട്.
മലയാളി താരം ബാബു ആന്റണി ലോകേഷിന്റെ അടുത്ത ചിത്രം രജനിക്കൊപ്പമാണെന്ന് അടുത്തിടെ പറഞ്ഞിരുന്നു. ഇതേക്കുറിച്ച് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ ഔദ്യോഗികമായ അറിയിപ്പുകൾ വരാതെ തനിക്കൊന്നും പറയാനാകില്ലെന്നായിരുന്നു സംവിധായകന്റെ മറുപടി. 'തലൈവർ 171' ആണ് ഇതെന്നുറപ്പിച്ച് രജനികാന്ത് ആരാധകർ ആഘോഷങ്ങൾ ആരംഭിക്കുകയും ചെയ്തു. ജയിലറിന്റെ റിലീസിന് പിന്നാലെ തലൈവർ 171 പ്രഖ്യാപിക്കുമെന്നായിരുന്നു ഇക്കൂട്ടരുടെ കണക്കുകൂട്ടൽ.
ലിയോയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിലാണ് നിലവിൽ ലോകേഷ്. ഗാങ്സ്റ്റർ ഡ്രാമ ഴോണറിലുള്ള ചിത്രം ദസറ റിലീസായി ഒക്റ്റോബർ 18നെത്തും. തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, മാത്യൂ തോമസ്, മിഷ്‌കിൻ, സാൻഡി,ബാബു ആന്റണി തുടങ്ങിയവരാണ് ലിയോയിലെ പ്രധാന താരങ്ങൾ. അനിരുദ്ധ് രവിചന്ദർ ആണ് സംഗീതമൊരുക്കുന്നത്.