തിരുപ്പതി: രണ്ടു മാസം പ്രായമായ മകൾക്കും ഭാര്യയ്ക്കുമൊപ്പം തിരുപ്പതിയിലെത്തി നടനും കൊറിയോഗ്രാഫറുമായ പ്രഭുദേവ. ഭാര്യ ഹിമാനിയും രണ്ട് മാസം പ്രായമായ കുഞ്ഞിനുമൊപ്പമാണ് പ്രഭുദേവ ക്ഷേത്രത്തിൽ എത്തിയത്. പ്രഭുദേവയുടെ അച്ഛനും പ്രമുഖ കൊറിയോഗ്രാഫറുമായ മുഗുർ സുന്ദറും താരത്തിനൊപ്പമുണ്ടായിരുന്നു. ക്ഷേത്ര ദർശനത്തിനായി വിഐപി ക്യൂവിൽ നിൽക്കുന്ന താരത്തിന്റേയും കുടുംബത്തിന്റേയും വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

ഹിമാനിയുടെ കയ്യിലാണ് കുഞ്ഞ് ഇരുന്നിരുന്നത്. കുഞ്ഞിന്റെ മുഖം ക്യാമറകളിൽ കാണാത്ത വിധമാണ് എടുത്തിരുന്നത്. പ്രഭുദേവ ക്ഷേത്രത്തിൽ നിന്ന് ഇറങ്ങുന്നതിനു മുൻപായി ഹിമാനി കുട്ടിയേയും കൊണ്ട് പുറത്തിറങ്ങി. പിന്നാലെ എത്തിയ പ്രഭുദേവയും മുഗുർ സുന്ദറും മാധ്യമങ്ങൾക്കായി ഫോട്ടോയ്ക്ക് പോസ് ചെയ്താണ് മടങ്ങിയത്.

2020 ലോക്ഡൗൺ കാലത്താണ് പ്രഭുദേവയും ഫിസിയോതെറാപ്പിസ്റ്റായ ഹിമാനി സിങ്ങും വിവാഹിതരായത്. ഈ വർഷമാണ് ദമ്പതികൾക്ക് പെൺകുഞ്ഞ് പിറക്കുന്നത്. അൻപതാം വയസ്സിൽ ഒരു കുഞ്ഞിന്റെ അച്ഛനായതിൽ സന്തോഷമുണ്ടെന്നും പ്രഭുദേവ മാധ്യമങ്ങളോടു പറഞ്ഞിരുന്നു. മകൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാനായി സിനിമ തിരക്കുകൾ കുറക്കുമെന്നും താരം വ്യക്തമാക്കി.

പ്രഭുദേവയുടെ രണ്ടാം വിവാഹമാണ്.  റംലത്താണ് താരത്തിന്റെ ആദ്യ ഭാര്യ. ഈ ബന്ധത്തിൽ പ്രഭുദേവയ്ക്ക് മൂന്ന് ആൺമക്കളുണ്ട്. മൂത്ത മകൻ അർബുദ രോഗത്തെ തുടർന്ന് പതിമൂന്നാം വയസ്സിൽ മരണമടഞ്ഞു. 2011 ലാണ് ഈ ബന്ധം വേർപെടുത്തുന്നത്. നടി നയൻതാരയുമായുള്ള ബന്ധം വിവാഹം വരെ എത്തിയിരുന്നു. അതിനു ശേഷമാണ് ഹിമാനിയുമായി താരം പ്രണയത്തിലാകുന്നത്.