മുംബൈ: നടൻ പൃഥ്വിരാജ് വീണ്ടും ബോളിവുഡിലേക്ക്. കജോളിന്റെ നായകനായാണ് പൃഥ്വിരാജ് വീണ്ടും ബോളിവുഡിലേക്ക് ചുവടുവെക്കുന്നത്. കരൺ ജോഹറിന്റെ പുതിയ ചിത്രത്തിലൂടെയാണ് താരം എത്തുന്നത്. കജോൾ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ സെയ്ഫ് അലി ഖാന്റെ മകൻ ഇബ്രാഹിം ഖാനും അഭിനയിക്കുന്നുണ്ട്. ഇബ്രാഹിമിന്റെ അരങ്ങേറ്റ ചിത്രമാണിത്.

ആദ്യമായാണ് പൃഥ്വിരാജും കജോളും ഒന്നിക്കുന്നു. കശ്മീർ തീവ്രവാദത്തെ ആസ്പദമാക്കിയുള്ള ചിത്രം ഇമോഷണൽ ത്രില്ലറായിരിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത വർഷം നടക്കും. കജോളിന്റെ മകന്റെ വേഷത്തിലായിരിക്കും ഇബ്രാഹിം എത്തുക.

അയ്യ, ഔറംഗസീബ്, നാം ഷബന എന്നീ ബോളിവുഡ് ചിത്രങ്ങളിൽ പൃഥ്വിരാജ് അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ അക്ഷയ് കുമാറിനെ നായകനാക്കി ഒരുക്കിയ സെൽഫിയുടെ സഹനിർമ്മാതാവായിരുന്നു പൃഥ്വിരാജ്. കരൺ ജോഹറാണ് ചിത്രം നിർമ്മിച്ചത്. ഇപ്പോൾ അക്ഷയ് കുമാറും ജാക്കി ഷറോഫും അഭിനയിക്കുന്ന ബഡേ മിയാൻ ഛോട്ടേ മിയാൻ എന്ന സിനിമയിലാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്.