- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഫോണിലൂടെ സെക്സ് ചാറ്റ് ചെയ്യുന്ന ജോലിയുള്ള യുവതിയുടെ കഥ; ഇസ്ലാം മതവികാരം വ്രണപ്പെടുത്തുന്നെന്ന ഉള്ളടക്കമെന്ന് ആരോപണം; 'ഫർഹാന' സിനിമയ്ക്കെതിരെ പ്രതിഷേധം; നായിക ഐശ്വര്യ രാജേഷിന് പൊലീസ് സുരക്ഷ
ചെന്നൈ: നെൽസൺ വെങ്കടേശൻ സംവിധാനം ചെയ്ത 'ഫർഹാന' എന്ന തമിഴ് ചിത്രത്തിനെതിരെ വലിയ പ്രതിഷേധം. ഇതേ തുടർന്ന് നായിക ഐശ്വര്യ രാജേഷിന് പൊലീസ് സംരക്ഷണം ഏർപ്പെടുത്തി. ഫോണിലൂടെ സെക്സ് ചാറ്റ് ചെയ്യുന്ന ജോലിയുള്ള യുവതിയുടെ കഥയാണ് 'ഫർഹാന'. ഒരിക്കൽ ഇത്തരത്തിൽ ഫോണിൽ സംസാരിക്കുന്ന യുവാവുമായി അവർ ആത്മബന്ധം സ്ഥാപിക്കുന്നതാണ് ചിത്രത്തെ സംഭവബഹുലമാക്കുന്നത്.
മെയ് 12ന് ആണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. സിനിമ പുറത്തിറങ്ങിയപ്പോൾ മുതൽ ഇസ്ലാം മതവികാരം വ്രണപ്പെടുത്തുന്നു എന്ന ആരോപണം ഉയർന്നിരുന്നു. അതേസമയം വിവാദങ്ങൾ വേദനാജനകമാണെന്ന് ചിത്രത്തിന്റെ നിർമ്മാതാക്കളായ ഡ്രീം വാരിയർ പിക്‌ചേഴ്‌സ് പ്രതികരിച്ചു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു പ്രതികരണം.
'മതസൗഹാർദം, സാമൂഹിക ഐക്യം, സ്നേഹം തുടങ്ങിയ വികാരങ്ങൾക്ക് പ്രാധാന്യം നൽകിയാണ് ഞങ്ങൾ സിനിമകൾ നിർമ്മിക്കുകയും റിലീസ് ചെയ്യുകയും ചെയ്യുന്നത്. സർക്കാർ കൃത്യമായി സെൻസർ ചെയ്ത ഫർഹാന എന്ന ചിത്രത്തേക്കുറിച്ച് കുറച്ച് ആളുകൾ സൃഷ്ടിക്കുന്ന വിവാദങ്ങൾ വേദനാജനകമാണ്. ഫർഹാന ഒരു മതത്തിനോ വികാരത്തിനോ എതിരല്ല. നല്ല സിനിമകൾ നൽകുക മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം.'- കുറിപ്പിൽ വ്യക്തമാക്കി.
മതവികാരങ്ങൾക്കോ വിശ്വാസങ്ങൾക്കോ എതിരായി പ്രവർത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഞങ്ങളുടെ കഥകളിൽ മനുഷ്യത്വത്തിന് എതിരായ ഒരു പ്രവൃത്തിയും അനുവദിക്കുകയോ ആഗ്രഹിക്കുകയോ ചെയ്യുന്നില്ല. നമ്മുടെ സിനിമയെ കുറിച്ച് വിവാദങ്ങൾ ഉണ്ടാക്കുന്ന സഹോദരങ്ങൾ ഇത് മനസിലാക്കുമെന്ന് കരുതുന്നു. നമ്മുടെ തമിഴ്‌നാട് മതസൗഹാർദ്ദത്തിന്റെ പറുദീസയും കലാസൃഷ്ടികളെ നെഞ്ചേറ്റുന്ന നാടുമാണ്.''- കുറിപ്പിൽ പറയുന്നു.
'സെൻസർ ചെയ്ത സിനിമയെ റിലീസിന് മുമ്പ് തെറ്റിദ്ധാരണയുടെ പേരിൽ എതിർക്കുകയും വിവാദങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നത് ശരിയല്ല. അതിനെ എതിർക്കുന്നവരെ ശരിയായ ധാരണയില്ലാത്തവരാണ്. നൂറുകണക്കിനു പേരുടെ കഠിനാധ്വാനം കൊണ്ടാണ് ഒരു സിനിമ നിർമ്മിക്കുന്നത്. പോരായ്മകളില്ലാത്ത സിനിമയെ തമിഴ് ആരാധകർ പിന്തുണയ്ക്കും'- ഡ്രീം വാരിയർ പിക്‌ചേഴ്‌സ് കുറിച്ചു.
ഇസ്ലാം മതവികാരം വ്രണപ്പെടുത്തുന്നതാണ് 'ഫർഹാന'യുടെ ഉള്ളടക്കം എന്ന ആരോപണമുയർത്തി ഇന്ത്യൻ നാഷണൽ ലീഗ് അടക്കമുള്ള സംഘടനകളാണ് സിനിമയ്ക്കെതിരെ ശബ്ദമുയർത്തിയത്. പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ഐശ്വര്യക്ക് പൊലീസ് സംരക്ഷണം നൽകിയത്. ചില വിദേശ രാജ്യങ്ങളിൽ, മതവികാരം വ്രണപ്പെടുത്തുന്ന രംഗങ്ങളുണ്ടെങ്കിൽ സിനിമയ്ക്ക് സെൻസർഷിപ്പ് ലഭിക്കാൻ വളരെ ബുദ്ധിമുട്ടാണ്. മലേഷ്യ, സിംഗപ്പൂർ, ഒമാൻ, ബഹ്റൈൻ, യുഎഇ എന്നിവിടങ്ങളിൽ ഓഡിറ്റ് നിയമങ്ങൾ കർശനമാണ്. എന്നാൽ ഈ രാജ്യങ്ങളിൽ 'ഫർഹാന' സെൻസർ ചെയ്ത് പ്രശ്നങ്ങളൊന്നുമില്ലാതെ റിലീസിന് തയ്യാറാണ്. 'ഫർഹാന' ഒരു വിവാദ ചിത്രമല്ലെന്ന് ഇത് വ്യക്തമാക്കുന്നുവെന്നും നിർമ്മാതാക്കൾ കൂട്ടിച്ചേർത്തു. സംവിധായകൻ സെൽവരാഘവൻ, ജിതൻ രമേഷ്, അനുമോൾ, ഐശ്വര്യ ദത്ത എന്നിവരാണ് മറ്റ് അഭിനേതാക്കൾ.




