ഹൈദരാബാദ്: അല്ലു അർജുൻ, ഫഹദ് ഫാസിൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സുകുമാർ സംവിധാനം ചെയ്ത ചിത്രമാണ് പുഷ്പ. 2021ൽ പ്രദർശനത്തിനെത്തിയ ചിത്രം ബോക്‌സോഫീസിൽ മികച്ച വിജയം നേടിയിരുന്നു. സിനിമയുടെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണ്. ഈ ഭാഗത്തിൽ ഫഹദിന്റെ ക്യാരക്ടറിന് വലിയ റോളുണ്ടെന്നാണ് സൂചന.

500 കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രം, ആദ്യഭാഗത്തെക്കാൾ ഗംഭീരമായിരിക്കുമെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന. പുഷ്പ 2 ന്റെ ചിത്രീകരണം അണിയറയിൽ പുരോഗമിക്കുമ്പോൾ ഫഹദ് ഫാസിലിന്റെ കഥാപാത്രമായ ഭൻവർ സിങ് ഷെഖാവത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഫഹദിന്റെ 41ാം പിറന്നാളിനൊടനുബന്ധിച്ചാണ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. ഭൻവർ സിങ് ഷെഖാവത്തായുള്ള നടന്റെ ലുക്ക് പ്രേക്ഷകരിൽ ചിത്രത്തിനായുള്ള ആകാംക്ഷ വർധിപ്പിച്ചിട്ടുണ്ട്.

രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യേർനേനിയും വൈ രവിശങ്കറും ചേർന്നാണ് നിർമ്മിക്കുന്ന ചിത്രത്തിൽ ധനുഞ്ജയ്, റാവു രമേഷ്, സുനിൽ, അനസൂയ ഭരദ്വാജ്, അജയ് ഘോഷ് തുടങ്ങിയവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ സംഗീതം ദേവി ശ്രീ പ്രസാദാണ്.