തിരുവനന്തപുരം: വ്യത്യസ്ത സിനിമ പ്രമോഷനുമായി സംവിധായകൻ രാജസേനൻ. തന്റെ ഏറ്റവും പുതിയ ചിത്രമായ 'ഞാനും പിന്നൊരു ഞാനും' കാണാൻ സ്ത്രീ വേഷത്തിലാണ് തിയറ്ററിൽ എത്തിയത്. ചുവന്നനിറത്തിലുള്ള സാരിയുടുത്ത് ആഭരണങ്ങളും അണിഞ്ഞെത്തിയ രാജസേനനെ കണ്ട് ആരാധകർ ഞെട്ടി.

വളരെ വ്യത്യസ്തമായ ചിത്രമാണ് ഞാനും പിന്നൊരു ഞാനും എന്ന് സംവിധായകൻ രാജസേനൻ മാധ്യമങ്ങളോട് പറഞ്ഞു. എട്ടു വർഷത്തെ ഇടവേളക്ക് ശേഷം രാജസേനൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഞാനും പിന്നൊരു ഞാനും'. തുളസീധര കൈമൾ എന്ന കഥാപാത്രത്തിന്റെ മാനസിക വ്യാപാരങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. തുളസീധര കൈമളായി എത്തുന്നതും രാജസേനൻ തന്നെയാണ്. ഇന്ദ്രൻസും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

സുധീർ കരമന, ജോയ് മാത്യു എന്നിവരും ചിത്രത്തിലെ മറ്റു താരങ്ങൾ. ക്ലാപിൻ മൂവി മേക്കേഴ്സ് ആണ് നിർമ്മാതാക്കൾ. സാംലാൽ പി. തോമസ് ആണ് ഛായാഗ്രാഹണം. എം. ജയചന്ദ്രൻ സംഗീത സംവിധാനം നിർവഹിക്കും. 2014ൽ വൂണ്ട് എന്ന ചിത്രമാണ് രാജസേനൻ അവസാനം സംവിധാനം ചെയ്തത്.