ചെന്നൈ: തെന്നിന്ത്യയിലെ സൂപ്പർഹിറ്റ് സംവിധായകൻ അറ്റ്‌ലി ബോളിവുഡിലേക്ക് ചുവടുവെക്കുന്നത് ഷാരൂഖ് ഖാനൊപ്പമാണ്. അറ്റ്‌ലി സംവിധാനം ചെയ്യുന്ന ജവാൻ എന്ന ഏറെ പ്രതീക്ഷയൊടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ പ്രിവ്യൂ സജീവ ചർച്ചയാകുന്നതിനിടെ കഥാപാത്രത്തിനായി തയ്യാറെടുത്തത് എങ്ങനെയെന്ന് വെളിപ്പെടുത്തുകയാണ് കിങ് ഖാൻ. അറ്റ്‌ലിയുടെ സംവിധാന ശൈലി മനസിലാക്കാൻ കണ്ട ചിത്രങ്ങളെ കുറിച്ചും വിജയ് , രജനീകാന്ത്, അല്ലു അർജുൻ , യാഷ് എന്നിവരുടെ ചിത്രങ്ങൾ എങ്ങനെ സഹായിച്ചുവെന്നുമാണ് ഷാരൂഖ് ഖാൻ പറയുന്നത്

അറ്റ്‌ലിയുടെ സംവിധാന ശൈലി മനസ്സിലാക്കാൻ അറ്റ്‌ലി സംവിധാനം ചെയ്ത ചിത്രങ്ങളും ഒപ്പം വിജയ്, രജനീകാന്ത് എന്നിവരുടെ സിനിമകളും കണ്ടു. ഭാഷയും ടെക്‌നിക്കും സ്‌റ്റെലും മനസിലാക്കാനായി അല്ലു അർജുൻ, യാഷ് എന്നിവരുടെ നിരവധി സിനിമകളും കണ്ടുവെന്നും അതിൽ നിന്നും ഉൾക്കൊണ്ട കാര്യങ്ങൾ വച്ചാണ് ജവാനിലെ കഥാപാത്രത്തെ രൂപപ്പെടുത്തിയിരിക്കുന്നതെന്നും ഷാരൂഖ് പറയുന്നു. ജവാനിലെ കഥാപാത്രത്തിനായി എങ്ങനെ തയ്യാറെടുത്തുവെന്ന ആരാധകന്റെ ചോദ്യത്തിന് മറുപടിയായാണ് ഷാരൂഖിന്റെ പ്രതികരണം

സമൂഹത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഒരുങ്ങുന്ന ഒരാളുടെ യാത്രയാണ് ആക്ഷൻ ത്രില്ലറായ ജവാൻ. ഷാരൂഖ് ഖാന്റെ ശബ്ദശകലത്തിലൂടെയാണ് ടീസർ ആരംഭിച്ചത്. ഇത് ചിത്രത്തെക്കുറിച്ചുള്ള പ്രേക്ഷകരുടെ ആകാംക്ഷ വർധിപ്പിച്ചിരിക്കുകയാണ്. തകർപ്പൻ ആക്ഷൻ സീക്വൻസുകളുടെയും ഗംഭീര ഗാനങ്ങളുടെയും ക്ലിപ്പുകൾക്കൊപ്പം മൊട്ടത്തലയുള്ള ലുക്കിലാണ് ഷാരൂഖിനെ കാണിച്ചിരിക്കുന്നത്.

ഷാരൂഖ്, നയൻതാര, വിജയ് സേതുപതി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ സന്യ മൽഹോത്രയ്‌ക്കൊപ്പം ദീപിക പദുക്കോണും ഒരു അതിഥി വേഷത്തിൽ എത്തുന്നുണ്ട്. പ്രിയാമണി, ഗിരിജ ഓക്ക്, സഞ്ജീത ഭട്ടാചാര്യ, ലെഹർ ഖാൻ, ആലിയ ഖുറേഷി, റിധി ഡോഗ്ര, സുനിൽ ഗ്രോവർ, മുകേഷ് ഛബ്ര എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സെപ്റ്റംബർ 7നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക.