മുംബൈ: സുപ്രീംകോടതി വിധിയോടെ അയോഗ്യത നീക്കി എംപി സ്ഥാനം തിരികെ ലഭിച്ച രാഹുൽ ഗാന്ധി പാർലമെന്റിലെത്തിയത് മുതൽ താരമാണ്. ഇതിനിടെ ബോളിവുഡ് നടിയും മോഡലുമായ ഷെർലിൻ ചോപ്ര അദ്ദേഹത്തെക്കുറിച്ച് നടത്തിയ ഒരു കമന്റ് വൈറലായിരിക്കുകയാണ്. ക്രോണിക് ബാച്ചിലറായ രാഹുലിനെ ചുറ്റിപ്പറ്റി പലപ്പോഴും വിവാഹ ചർച്ചകൾ ഉയരാറുണ്ട്. അടുത്തിടെ രാഹുലിന് പെണ്ണിനെ കണ്ടെത്താൻ സോണിയ ഗാന്ധി അടക്കം ആവശ്യപ്പെട്ടിരുന്നു.

ഇതുമായി ബന്ധപ്പെടുത്തി ഷെർലിൻ ചോപ്രയോടുള്ള പാപ്പരാസികളുടെ ഒരു ചോദ്യവും അതിനുള്ള മറുപടിയുമാണ് വൈറലായത്. മുംബൈയിലെ ബാന്ദ്രയിൽ ഫാൻസിനൊപ്പം സെൽഫിക്ക് പോസ് ചെയ്യവെയാണ് ചോദ്യമുയർന്നത്. രാഹുലിനെ വിവാഹം കഴിക്കുമോ എന്ന തരത്തിലുള്ള ചോദ്യമാണ് ഒരാൾ ചോദിച്ചത്. 'വിവാഹം കഴിക്കും, എന്തുകൊണ്ട് പറ്റില്ല. പക്ഷേ, വിവാഹത്തിനുശേഷം പേരിനൊപ്പമുള്ള കുടുംബപ്പേര് ഞാൻ മാറ്റില്ല' -എന്നായിരുന്നു തമാശയോടെ ഷെർലിന്റെ മറുപടി.

അപകീർത്തിക്കേസിലെ വിധി സ്റ്റേ ചെയ്തതോടെ രാഹുൽ ഗാന്ധിക്ക് എംപി സ്ഥാനം തിരികെ ലഭിച്ചത്. തുടർന്ന് ഇന്നലെ തന്നെ അദ്ദേഹം പാർലമെന്റിൽ എത്തുകയും ചെയ്തിരുന്നു. മണിപ്പൂർ കലാപത്തിൽ ഇന്ന് മോദി സർക്കാറിനെതിരെ അവിശ്വാസ പ്രമേയം പാർലമെന്റിൽ ചർച്ചക്കെടുക്കുത്തിരിക്കുകയാണ്. ചർച്ചയിൽ രാഹുൽ ഗാന്ധി നാളെ സംസാരിക്കുമെന്നാണ് റിപ്പോർട്ട്.