കൊച്ചി: രജനികാന്ത് നായകനായി എത്തിയ പുതിയ ചിത്രം 'ജയിലർ' അമ്പരപ്പിക്കുന്ന വിജയമാണ് നേടിയിരിക്കുന്നത്. രജനികാന്ത് ജയിലറിൽ നിറഞ്ഞാടുകയാണ് ചെയ്യുന്നത്. മാസായുള്ള രജനികാന്തിനെയാണ് ചിത്രത്തിൽ കാണാനാകുന്നത്. രജനികാന്തിനൊപ്പം 'ജയിലറി'ൽ പ്രധാനപ്പെട്ട അതിഥി കഥാപാത്രമായി എത്തി പ്രേക്ഷകരുടെ ആവേശമായി മാറിയ കന്നഡ താരം ശിവ രാജ്കുമാർ മലയാളത്തിലേക്ക് ആദ്യമായി എത്തുന്നു എന്നതാണ് പുതിയ വാർത്ത.

ഇതേക്കുറിച്ചുള്ള അദ്ദേഹത്തിന്റെതന്നെ വാക്കുകൾ വൈറലായിരിക്കുകയാണ്. ജയിലർ സിനിമയുടെ പ്രചാരണത്തിനിടെ ഒരു മാധ്യമത്തോടാണ് ശിവരാജ് കുമാർ തന്റെ മലയാളചിത്രത്തേക്കുറിച്ച് സൂചന നൽകിയത്. എമ്പുരാന് ശേഷം പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലായിരിക്കും കന്നഡ ആരാധകർ ശിവണ്ണ എന്നുവിളിക്കുന്ന താരം പ്രധാനവേഷത്തിലെത്തുക. പൃഥ്വിരാജുമായി ഒരു ചിത്രം ചെയ്യാനുള്ള ചർച്ചയിലാണെന്ന് ശിവരാജ് കുമാർ പറഞ്ഞു. ചിത്രത്തേക്കുറിച്ച് കൂടുതൽ പറയാനാവില്ല. ഒരു ചിത്രം ചെയ്യുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

കന്നഡയിലെ സൂപ്പർ താരം രാജ്കുമാറിന്റെ മകനാണ് ആരാധകരുടെ ശിവണ്ണ. 'ശ്രീ ശ്രീനിവാസ കല്യാണ' എന്ന ചിത്രത്തിൽ ബാല നടനായിട്ടാണ് ശിവ രാജ്കുമാർ വെള്ളിത്തിരയിൽ എത്തുന്നത്.