കൊച്ചി: മോഹൻലാലിന്റെയും ലിജോ ജോസ് പെല്ലിശ്ശേരിയും ഒരുമിക്കുന്ന സിനിമ എല്ലാവരും കാത്തിരിക്കുന്ന സിനിമയാണ്. മലയാള സിനിമാപ്രേമികൾ മലൈക്കോട്ടൈ വാലിബൻ എന്ന സിനിമക്കായാണ് ഏറെ പ്രതീക്ഷയിൽ കാത്തിരിക്കുന്നത്. ഈ രണ്ട് പ്രതിഭകൾ ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്നതുതന്നെ അതിന് കാരണം. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന് പാക്കപ്പ് ആയത്. പാക്കപ്പ് പാർട്ടിയിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഒരു ലൊക്കേഷൻ സ്റ്റില്ലും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.

മലൈക്കോട്ടൈ വാലിബൻ എന്ന ടൈറ്റിൽ കഥാപാത്രത്തിന്റെ ഗെറ്റപ്പിലുള്ള മോഹൻലാൽ ആണ് ചിത്രത്തിൽ. സിനിമയിലെ സാങ്കേതിക പ്രവർത്തകർക്കൊപ്പം ചിത്രീകരണത്തിന്റെ ഇടവേളയിൽ എടുത്തതെന്ന് തോന്നിപ്പിക്കുന്ന ചിത്രമാണിത്. ചിത്രത്തിലെ മോഹൻലാൽ കഥാപാത്രത്തിന്റെ ഗെറ്റപ്പ് അണിയറക്കാർ നേരത്തെ പുറത്തുവിട്ട വീഡിയോയിൽ ഉണ്ടായിരുന്നെങ്കിലും ലുക്ക് പൂർണ്ണമായും വെളിപ്പെടുത്തുന്ന ഒരു ചിത്രം ഇപ്പോഴാണ് എത്തുന്നത്. അതിനാൽത്തന്നെ സോഷ്യൽ മീഡിയയിൽ കാര്യമായി പ്രചരിക്കുന്നുമുണ്ട് ചിത്രം.

പാക്കപ്പ് പാർട്ടിയിൽ ചിത്രത്തെക്കുറിച്ച് തനിക്കുള്ള ആവേശം പങ്കുവച്ചുകൊണ്ടായിരുന്നു മോഹൻലാലിന്റെ വാക്കുകൾ- 'ലിജോ എന്താണെന്ന് നമ്മൾ പഠിച്ചുകൊണ്ടിരിക്കുന്നതേയുള്ളൂ. നമ്മൾ എന്തിനാണ് അദ്ദേഹത്തെ അറിയുന്നത്? അദ്ദേഹം നമ്മളെയാണ് അറിയേണ്ടത്. ഇത് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ലിജോയ്ക്കും ഷിജുവിനും ഒപ്പം പ്രവർത്തിച്ച മറ്റെല്ലാവർക്കും നന്ദി. അവിശ്വസനീയമായ ചിത്രീകരണമായിരുന്നു. കാലാവസ്ഥ അടക്കമുള്ള കാരണങ്ങളാൽ ഞങ്ങൾ വലിയ മാനസിക സമ്മർദ്ദങ്ങളിലൂടെ കടന്നുപോയി. പക്ഷേ ഞങ്ങൾ നന്നായി പണിയെടുത്തിട്ടുണ്ട്. സിനിമ ഓടുന്ന കാര്യങ്ങളൊക്കെ പിന്നെയാണ്. ഇന്ത്യൻ സ്‌ക്രീൻ ഇതുവരെ കണ്ടിട്ടില്ലാത്ത ഒന്നാണ് ഞങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്', മോഹൻലാൽ പറഞ്ഞിരുന്നു.

ലിജോയുടെ കരിയറിലെ ഏറ്റവും വലിയ കാൻവാസിൽ ഒരുങ്ങുന്ന ചിത്രമാണിത്. ഷിബു ബേബി ജോണിന്റെ ജോൺ ആൻഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. മറാഠി നടി സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വർമ്മ, മണികണ്ഠൻ ആചാരി, സുചിത്ര നായർ, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി തുടങ്ങിയവരൊക്കെ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. തിയറ്ററുകളിൽ ചിത്രം എപ്പോൾ എത്തും എന്നതും നിർമ്മാതാക്കൾ വ്യക്തമാക്കിയിട്ടില്ല. മമ്മൂട്ടി നായകനായ നൻപകൽ നേരത്ത് മയക്കം ആയിരുന്നു ലിജോയുടെ സംവിധാനത്തിലെത്തിയ അവസാന ചിത്രം.