മുംബൈ: സിനിമാപ്രേമികൾ ഒന്നടങ്കം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഷാരുഖ് ഖാന്റെ ജവാൻ. ആറ്റ്ലീ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് സേതുപതിയാണ് വില്ലൻ റോളിൽ എത്തുന്നത്. ഷാരുഖ് ഖാന്റെ വില്ലനായത് പഴയൊരു കണക്ക് തീർക്കാനാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വിജയ് സേതുപതി. ചെന്നൈയിൽ നടന്ന ചിത്രത്തിന്റെ പ്രീ റിലീസ് ചടങ്ങിനിടയിലായിരുന്നു രസകരമായ ഓർമ വിജയ് സേതുപതി പങ്കുവച്ചത്.

സ്‌കൂളിൽ പഠിക്കുന്ന സമയത്ത് തനിക്കൊരു പെൺകുട്ടിയോട് ഇഷ്ടം മുണ്ടായിരുന്നെന്നും അന്ന് അത് പറയാൻ കഴിയാതിരുന്നത് ഷാരുഖ് ഖാൻ കാരണമാണെന്നുമാണ് താരം പറഞ്ഞത്. സ്‌കൂളിൽ പഠിക്കുമ്പോൾ എനിക്ക് ഒരു പെൺകുട്ടിയോട് ഇഷ്ടമുണ്ടായിരുന്നു. പക്ഷേ അവൾക്ക് ഇതേക്കുറിച്ച് അറിയില്ലായിരുന്നു. എല്ലാ റാമിനും ഒരു ജാനു ഉണ്ടാകും. പക്ഷേ ആ പെൺകുട്ടി ഷാരുഖ് ഖാനുമായി പ്രണയത്തിലായിരുന്നു. എനിക്ക് പ്രതികാരം ചെയ്യാൻ ഇത്ര വർഷം വേണ്ടിവന്നു.- വിജയ് സേതുപതി പറഞ്ഞു.

വിജയ് സേതുപതിക്ക് രസകരമായ മറുപടിയാണ് ഷാരുഖ് നൽകിയത്. വിജയ് സേതുപതി സാർ ഒഴികെ ബാക്കി എല്ലാവരും എന്നെ പ്രശംസിച്ചു. അദ്ദേഹം ഏതോ പെൺകുട്ടിയെക്കുറിച്ചാണ് സംസാരിച്ചത്. വിജയ് സാർ ഞാൻ ഒരു കാര്യം പറയാം, നിങ്ങൾക്ക് എന്നോട് പ്രതികാരം ചെയ്യാം പക്ഷേ എന്റെ പെൺകുട്ടികളെ തൊടാനാവില്ല. അവർക്ക് എനിക്ക് മാത്രമുള്ളതാണ്.- ഷാരുഖ് പറഞ്ഞു.

ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ജവാനായി കാത്തിരിക്കുന്നത്. സെപ്റ്റംബർ ഏഴിനാണ് ചിത്രം തിയറ്ററിൽ എത്തുക. നയൻതാരയാണ് ചിത്രത്തിൽ നായികയാവുന്നത്. പ്രിയാ മണി, സാന്യ മൽഹോത്ര തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ദീപിക പദുക്കോൺ അതിഥി വേഷത്തിലും എത്തുന്നുണ്ട്.