കൊച്ചി: നടൻ വിനയ് ഫോർട്ടിന്റെ പുതിയ ലുക്ക് സമൂഹ മാധ്യമങ്ങളിൽ വൈറൽ. നിവിൻ പോളിയുടെ ഏറ്റവും പുതിയ ചിത്രം രാമചന്ദ്ര ബോസ് & കോയുടെ ട്രെയ്‌ലർ റിലീസിങ് വേദിയിൽ എത്തിയപ്പോഴാണ് പാതി വച്ച മീശയിൽ ഒരു ചാർളി ചാപ്ലിൻ ലുക്കിൽ വിനയ് ഫോർട്ട് എത്തിയത്. ചിത്രത്തിന്റെ പ്രമോഷന്റെ കൂടി ഭാഗമായാണ് താരം പുതിയ ലുക്കിൽ എത്തിയത്.

ചിത്രം വൈറലായതോടെ പ്രമോഷൻ പൊതുവെ കുറവായിരുന്ന നിവിൻ പോളി ചിത്രത്തിന് വലിയ ഹൈപ്പാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. പ്രൊമോഷൻ. കുറവായിരുന്നിട്ട് കൂടി വിനയ് ഫോർട്ടിന്റെ ഒറ്റ ലുക്കിൽ ഹൈപ്പ് കൂടിയെന്നുമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ചർച്ച ചെയ്യുന്നത്. ജഗതിയുടെ 'ഉമ്മൻ കോശി' എന്ന കഥാപാത്രം, മിന്നാരത്തിലെ കുതിരവട്ടം പപ്പു എന്നിവരുമായാണ് പലരും വിനയ് ഫോർട്ടിന്റെ ലുക്കിന്റെ താരതമ്യം ചെയ്തിരിക്കുന്നത്. ജയറാം നായകനായി എത്തിയ സിഐഡി ഉണ്ണികൃഷ്ണൻ ബിഎ, ബിഎഡ് എന്ന ചിത്രത്തിലെ കഥാപാത്രമാണ് ഉമ്മൻ കോശി. 'അത് ഇഷ്ടപ്പെട്ടു.. ഉമ്മൻ കോശി' എന്നാണ് വിനയ്യുടെ ചിത്രം പങ്കുവച്ച് അജു വർഗീസ് സോഷ്യൽമീഡിയയിൽ കുറിച്ചത്.

'ഇപ്പോഴത്തെ പിള്ളേരുടെ ഓരോരോ പാഷനെ, രാമചന്ദ്ര ബോസിന് ഇതിലും വലിയ പ്രൊമോഷൻ കിട്ടാൻ ഇല്ല, ഇതിനപ്പുറത്തുള്ള പ്രൊമോഷൻ സ്വപ്നങ്ങളിൽ മാത്രം'', എന്നിങ്ങനെ പോകുന്നു കമന്റുകൾ. ദിലീപ് നായകനായി എത്തിയ ഈ പറക്കും തളിക എന്ന സിനിമയിലെ ഒരു രംഗവുമായും വിനയ് ഫോർട്ടിന്റെ ലുക്കിനെ താരതമ്യം ചെയ്യുന്നവരുണ്ട്.

'അപ്പൻ' എന്ന ചിത്രത്തിനു ശേഷം മജു സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിലെ വിനയ്യുടെ ലുക്കാണിത്. ''ഇതെന്റെ അടുത്ത പടത്തിന്റെ ഒരു ലുക്കാണ്. 'അപ്പൻ' സിനിമയുടെ സംവിധായകൻ മജുവിന്റേതാണ് ചിത്രം. ആ സിനിമയിൽ ഞാൻ അഭിനയിച്ച് കൊണ്ടിരിക്കയാണ്. വളരെ രസകരമായ സിനിമയും കഥാപാത്രവും ആണ്. അതുകൊണ്ട് ഈ കോലം ഞാൻ അങ്ങ് സഹിക്കുന്നു. സെപ്റ്റംബർ പകുതിവരെ ഈ കോലത്തിൽ തന്നെ ഞാൻ നടക്കേണ്ടി വരും.''-ലുക്കിന്റെ രഹസ്യത്തെക്കുറിച്ച് ചോദിച്ച മാധ്യമ പ്രവർത്തകരോട് വിനയ് ഫോർട്ടിന്റെ മറുപടി.