തിരുവനന്തപുരം: പതിവിന് വിപരീതമായി സിനിമാ പ്രേമികളില്‍ ആകാംക്ഷ നിറക്കുകയാണ് ഇത്തവണത്തെ സംസ്ഥാന ചലചിത്ര അവാര്‍ഡ് പ്രഖ്യാപനം. 54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിനായി ജൂറി ചൂടുപിടിച്ച ചര്‍ച്ചയിലാണ്. മികച്ച നടന്‍ നടി എന്നിവയ്ക്കൊപ്പം തന്നെ മികച്ച ചിത്രമുള്‍പ്പടെ പ്രധാന വിഭാഗങ്ങളിലെല്ലാം തന്നെ ഇക്കുറി വാശിയേറിയ മത്സരമാണ്.ആദ്യഘട്ടത്തില്‍ നൂറ്ററുപതിലേറെ ചിത്രങ്ങള്‍ ഉണ്ടായിരുന്നെങ്കിലും രണ്ടാംഘട്ടത്തില്‍ അമ്പതില്‍ താഴെയായി ചുരുങ്ങി.

ജിയോ ബേബി സംവിധാനം ചെയ്ത് മമ്മൂട്ടി പ്രധാനവേഷത്തിലെത്തിയ കാതല്‍, റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ കണ്ണൂര്‍ സ്‌ക്വാഡ്, പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം എന്നീ ചിത്രങ്ങള്‍ മികച്ച സിനിമയ്ക്കുള്ള മത്സരത്തിലുണ്ട്.റിലീസ് ചെയ്യാത്ത ചിത്രങ്ങളും ജൂറി കണ്ടിരിക്കാം. അതുകൊണ്ടു തന്നെ മികച്ച സിനിമ, സംവിധാനം എന്നിവ തിരഞ്ഞെടുക്കുന്നതില്‍ ചൂടുപിടിച്ച ചര്‍ച്ചയാണ് നടക്കുന്നത് എന്നാണ് വിവരം.

മികച്ച നടനുള്ള പുരസ്‌കാരത്തിന് കണ്ണൂര്‍ സ്‌ക്വാഡിലെയും കാതലിലെയും പ്രകടത്തിന് മമ്മൂട്ടിയും ആടുജീവിതത്തിലെ അഭിനയത്തിന് പൃഥ്വിരാജും തമ്മില്‍ കടുത്ത മത്സരം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.കഴിഞ്ഞ തവണ നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള പുരസ്‌കാരം മമ്മൂട്ടി സ്വന്തമാക്കിയിരുന്നു. ആറ് തവണയാണ് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം മമ്മൂട്ടി നേടിയിട്ടുള്ളത്.വാസ്തവം, സെല്ലുലോയ്ഡ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്‌കാരം പൃഥ്വിരാജ് രണ്ടു വട്ടം നേടിയിട്ടുണ്ട്.

ഉര്‍വശിയും പാര്‍വതിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്കും മത്സരിക്കുന്നു.
മികച്ച നടിക്കുള്ള പുരസ്‌കാരം ഉള്ളൊഴുക്കിലൂടെ നേടാന്‍ ഉര്‍വശിക്ക് കഴിഞ്ഞാല്‍ അത് കരിയറിലെ ആറാം പുരസ്‌കാരമാകും. മഴവില്‍ക്കാവടി, വര്‍ത്തമാന കാലം (1989), തലയണ മന്ത്രം (1990), കടിഞ്ഞൂല്‍ കല്യാണം, കാക്കത്തൊള്ളായിരം, ഭരതം, മുഖചിത്രം (1991), കഴകം (1995), മധുചന്ദ്രലേഖ (2006) എന്നീ സിനിമകളിലെ അഭിനയത്തിനാണ് മുമ്പ് പുരസ്‌കാരം ലഭിച്ചത്.ചാര്‍ലി, എന്ന് നിന്റെ മൊയ്തീന്‍ തുടങ്ങിയ സിനിമകളിലെ അഭിനയത്തിന് 2015 ലും ടേക്ക് ഓഫിലെ അഭിനയത്തിന് 2017 ല്‍ പാര്‍വതി മികച്ച നടിക്കുള്ള പുരസ്‌കാരത്തിന് അര്‍ഹയായി.

കഴിഞ്ഞ രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങളെയും മത്സരത്തില്‍ പരിഗണിച്ചിട്ടുണ്ട്. കഴക്കൂട്ടത്തെ ചലച്ചിത്ര അക്കാദമിയുടെ ആസ്ഥാനമന്ദിരത്തിലെ രണ്ടു തിയറ്ററുകളിലായാണ് സ്‌ക്രീനിങ് പുരോഗമിക്കുന്നത്. അന്തിമ പട്ടികയിലെത്തിയ ചിത്രങ്ങളുടെ സ്‌ക്രീനിങ് പൂര്‍ത്തിയാക്കി ആഗസ്റ്റ് 16ന് പുരസ്‌കാരം പ്രഖ്യാപിക്കുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം.

സംവിധായകനും തിരക്കഥാകൃത്തുമായ സുധീര്‍ മിശ്രയാണ് ജൂറി അധ്യക്ഷന്‍.സംവിധായകന്‍ പ്രിയാനന്ദനും ഛായാഗ്രാഹകന്‍ അഴകപ്പനുമാണ് പ്രാഥമിക ജൂറി അധ്യക്ഷന്‍മാര്‍.സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍ എന്നിവര്‍ ജൂറി അംഗങ്ങളാണ്.