കൊച്ചി: മലയാളത്തിന് വീണ്ടും ഒരു നായികയെക്കൂടി ലഭിക്കുകയാണ്. വിഷ്ണു മോഹന്‍ സംവിധാനം ചെയ്യുന്ന ബിജു മേനോന്‍ നായകനാകുന്ന ചിത്രത്തിലൂടെ മേതില്‍ ദേവികയാണ് മലയാള സിനിമയില്‍ അരങ്ങേറുന്നത്.ഇപ്പോഴിത ആദ്യ സിനിമയായ 'കഥ ഇന്നുവരെ' യില്‍ അഭിനയിക്കാന്‍ തീരുമാനിച്ചതിന്റെ കാരണം തുറന്നുപറഞ്ഞ് മേതില്‍ ദേവിക.

കഴിഞ്ഞ 25 വര്‍ഷത്തിനിടെ നായികയായി സിനിമകളില്‍ ഒട്ടേറെ അവസരം ലഭിച്ചെങ്കിലും ഇവ വേണ്ടെന്ന് വച്ച് നൃത്തത്തില്‍ ശ്രദ്ധ നല്‍കാനാണ് മേതില്‍ ദേവിക തീരുമാനിച്ചത്. എന്നാല്‍ പണ്ടേ ഒട്ടേറെ അവസരം ലഭിച്ചതല്ലേ, എന്തുകൊണ്ട് അന്ന് അഭിനയിച്ചില്ല എന്ന് പലരും ചോദിച്ചെന്നും മേതില്‍ ദേവിക ഒരു അഭിമുഖത്തില്‍ പറഞ്ഞു. 'അന്ന് താല്‍പര്യമില്ലായിരുന്നു. കംഫര്‍ട്ടബിള്‍ അല്ലെന്ന് എനിക്ക് തന്നെ തോന്നിയിരുന്നു. ഇപ്പോള്‍ ഈ ടീം നല്ലതെന്ന് തോന്നിയതുകൊണ്ടാണ് യെസ് പറഞ്ഞത്. അതിനുശേഷമാണ് സ്‌ക്രിപ്റ്റും പണവും എല്ലാം…" മേതില്‍ പറഞ്ഞു.

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് ഞെട്ടിച്ചില്ലെന്ന് നേരത്തെ മേതില്‍ ദേവിക പ്രതികരിച്ചിരുന്നു. എല്ലാവര്‍ക്കും അറിയുന്ന കാര്യമല്ലേ റിപ്പോര്‍ട്ടിലുള്ളത്. ഇത് പുറത്തുവന്നത് കൊണ്ട് പ്രശ്നങ്ങളുടെ തീവ്രത ആളുകള്‍ക്ക് മനസിലാക്കാനായി. സിനിമയിലെ നടന്‍മാര്‍ ജീവിതത്തിലും ഹീറോ ആകാന്‍ ശ്രമിക്കണമെന്നും മേതില്‍ ദേവിക പ്രതികരിച്ചിരുന്നു. അംഗമല്ലെങ്കിലും ഡബ്ല്യുസിസിയെ പൂര്‍ണമായും പിന്തുണയ്ക്കുന്നുവെന്നും മേതില്‍ ദേവിക പറഞ്ഞു. പ്രശ്നപരിഹാരത്തിന് സിനിമയിലെ ഉത്തരവാദിത്തപ്പെട്ടവര്‍ ഇടപെടണം. പുറത്ത് നിന്നുള്ളവര്‍ ഇടപെട്ടാല്‍ വിഷയം കൂടുതല്‍ സങ്കീര്‍ണമാകുമെന്നും മേതില്‍ ദേവിക പ്രതികരിച്ചു.

നര്‍ത്തകി എന്ന നിലയില്‍ ശ്രദ്ധേയയായ മേതില്‍ ദേവിക അഭിനയിച്ച ചിത്രം സെപ്റ്റംബറിലാണ് തിയേറ്ററുകളിലെത്തുന്നത്.