കൊച്ചി: അനുഷ്ക ഷെട്ടി നായികയായ 'ഘാട്ടി' എന്ന ചിത്രം ഒക്ടോബർ 2 മുതൽ ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീമിംഗ് ആരംഭിക്കും. കൃഷ് ജഗർലമുഡി സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളിൽ വലിയ പ്രതീക്ഷകളോടെയാണ് എത്തിയതെങ്കിലും ബോക്സ് ഓഫീസിൽ കാര്യമായ വിജയം നേടാനായിരുന്നില്ല. വിക്രം പ്രഭുവാണ് ചിത്രത്തിലെ നായകൻ.

ഇന്ത്യയിൽ നിന്ന് ചിത്രം ഏകദേശം ഏഴ് കോടി രൂപ മാത്രമാണ് നേടിയെടുത്തതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തിയേറ്ററുകളിൽ നിന്ന് ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ശിവകാർത്തികേയന്റെ 'മദ്രാസിക്കൊപ്പം' ആയിരുന്നു 'ഘാട്ടി'യുടെ റിലീസ്. ജോൺ വിജയ്, രവീന്ദ്ര വിജയ്, ജിഷു സെൻഗുപ്ത, ജഗപതി ബാബു തുടങ്ങിയ പ്രമുഖ താരനിരയും ചിത്രത്തിലുണ്ട്.

ചിത്രത്തിന്റെ മോശം പ്രതികരണത്തെ തുടർന്ന് അനുഷ്ക ഷെട്ടി സോഷ്യൽ മീഡിയയിൽ നിന്ന് ഇടവേളയെടുത്തിരുന്നു. 'നീല വെളിച്ചത്തിൽ നിന്ന് മെഴുകുതിരി വെളിച്ചത്തിലേക്ക്... സ്ക്രോളിങ്ങിനപ്പുറം, നാമെല്ലാവരും യഥാർഥത്തിൽ തുടങ്ങിയ ഇടത്തേക്ക്, ലോകവുമായി വീണ്ടും ബന്ധപ്പെടാൻ വേണ്ടിയാണ് ഈ ഇടവേള. കൂടുതൽ കഥകളും സ്നേഹവുമായി നിങ്ങളെല്ലാവരെയും ഉടൻ കാണാം,' നടി കുറിച്ചു.