- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബോക്‌സ് ഓഫീസ് കീഴടക്കി ആദിത്യ ധറിന്റെ 'ധുരന്ധർ 2'; ഒരാഴ്ച കൊണ്ട് വാരിയത് 1000 കോടി; രാജമൗലി ചിത്രങ്ങളെയും ഷാരൂഖിനെയും കടത്തിവെട്ടി ബോക്‌സ് ഓഫീസിൽ സ്പൈ ത്രില്ലറിന്റെ തേരോട്ടം

മുംബൈ: ആഗോള ബോക്‌സ് ഓഫീസിൽ കൊടുങ്കാറ്റായി ആദിത്യ ധർ ചിത്രം ‘ധുരന്ധർ 2’. സ്പൈ ത്രില്ലർ വിഭാഗത്തിലെത്തിയ ചിത്രം റിലീസ് ചെയ്ത് വെറും ഏഴു ദിവസങ്ങൾ പിന്നിടുമ്പോൾ 1000 കോടി രൂപയുടെ റെക്കോർഡ് കളക്ഷൻ സ്വന്തമാക്കി. ഇന്ത്യൻ സിനിമാചരിത്രത്തിൽ ഏറ്റവും വേഗത്തിൽ 1000 കോടി ക്ലബ്ബിലെത്തുന്ന രണ്ടാമത്തെ ചിത്രമെന്ന ഖ്യാതിയും ഇതോടെ ധുരന്ധർ 2 കൈപ്പിടിയിലൊതുക്കി. ആറു ദിവസംകൊണ്ട് ഈ നേട്ടം കൈവരിച്ച അല്ലു അർജുൻ ചിത്രം ‘പുഷ്പ 2’ മാത്രമാണ് ഇനി ധുരന്ധറിന് മുന്നിലുള്ളത്.
എസ്.എസ്. രാജമൗലിയുടെ 'ബാഹുബലി 2' (9 ദിവസം), 'ആർ.ആർ.ആർ.', 'കെ.ജി.എഫ് 2', 'കൽക്കി 2898 എ.ഡി.' എന്നീ പാൻ-ഇന്ത്യൻ ബ്ലോക്ക്ബസ്റ്ററുകളെയും ഷാരൂഖ് ഖാൻ ചിത്രങ്ങളായ 'പത്താൻ', 'ജവാൻ' എന്നിവയെയും പിന്നിലാക്കിയാണ് രൺവീർ സിങ് ചിത്രത്തിന്റെ ഈ കുതിപ്പ്. കൂടാതെ, ആഗോളതലത്തിൽ 100 ദശലക്ഷം ഡോളർ മാർക്ക് മറികടക്കുന്ന എട്ടാമത്തെ ബോളിവുഡ് ചിത്രമെന്ന നേട്ടവും ധുരന്ധർ സ്വന്തമാക്കിയിട്ടുണ്ട്.
മാർച്ച് 19-ന് തിയേറ്ററുകളിലെത്തിയ ചിത്രം ആദ്യ മൂന്നുദിവസത്തിനുള്ളിൽത്തന്നെ ഇന്ത്യയിൽനിന്ന് 100 കോടി വാരിയിരുന്നു. സാക്നിൽക് വെബ്സൈറ്റിലെ കണക്കുകൾ പ്രകാരം ഏഴു ദിവസങ്ങൾ പിന്നിടുമ്പോൾ ആഭ്യന്തര വിപണിയിൽനിന്നുമാത്രം ₹635.29 കോടി രൂപയാണ് (നെറ്റ്) ചിത്രം സമാഹരിച്ചത്. ഇന്ത്യയിലെ ഗ്രോസ് കളക്ഷൻ ₹758.58 കോടിയാണ്. വിദേശ വിപണികളിൽനിന്ന് ഏകദേശം 261.92 കോടി രൂപയും ചിത്രം ഇതിനോടകം നേടി.
രൺവീർ സിങ്ങിനൊപ്പം ആർ. മാധവൻ, അർജുൻ രാംപാൽ, സഞ്ജയ് ദത്ത്, സാറ അർജുൻ എന്നിവർ അണിനിരക്കുന്ന ഈ സ്പൈ ത്രില്ലർ വരും ദിവസങ്ങളിൽ 'പത്താൻ', 'കൽക്കി' തുടങ്ങിയ ചിത്രങ്ങളുടെ ലൈഫ് ടൈം കളക്ഷൻ മറികടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. 1300 കോടി രൂപ നേടിയ ആദ്യഭാഗത്തിന്റെ റെക്കോർഡും രണ്ടാം ഭാഗം അനായാസം തകർക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.


