മുംബൈ: ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ഇടംനേടാൻ ഒരുങ്ങി ബോളിവുഡ് ചിത്രം '120 ബഹദൂർ' . രാജ്യത്തുടനീളമുള്ള 800-ഓളം പ്രതിരോധ സിനിമാശാലകളിൽ ഒരേസമയം റിലീസ് ചെയ്യുന്ന ആദ്യ സിനിമയായിരിക്കും ഇത്. സൈനികർക്കും അവരുടെ കുടുംബങ്ങൾക്കുമായി, രാജ്യത്തെ പ്രതിരോധ തിയറ്റർ ശൃംഖലയിലുടനീളം ചിത്രം പ്രദർശിപ്പിക്കാനാണ് പദ്ധതി. വിദൂര പ്രദേശങ്ങളിൽ സേവനമനുഷ്ഠിക്കുന്ന ജവാന്മാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും മികച്ച ചലച്ചിത്രാനുഭവം ഉറപ്പാക്കുക എന്നതാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം.

ചിത്രം നവംബർ 21-ന് ആഗോളതലത്തിൽ റിലീസിനെത്തും. ബോളിവുഡിലെ പ്രമുഖ നിർമ്മാണ കമ്പനികളായ എക്സൽ എന്റർടെയ്ൻമെന്റും ട്രിഗർ ഹാപ്പി സ്റ്റുഡിയോസും ചേർന്നാണ് ഈ ചരിത്രപരമായ റിലീസിന് അവസരമൊരുക്കുന്നത്. പിക്ചർടൈമിന്റെ മൊബൈൽ സിനിമാ ശൃംഖലയിലൂടെ, ജെൻസിങ്ക് ബ്രാറ്റ് മീഡിയയുടെ സഹകരണത്തോടെയാണ് ഈ വിതരണം യാഥാർത്ഥ്യമാക്കുന്നത്.

നിലവിൽ ഇന്ത്യയിലെ 20 ദശലക്ഷം വരുന്ന വിമുക്തഭടന്മാരുടെയും കുടുംബാംഗങ്ങളുടെയും പ്രേക്ഷകരിൽ ഏകദേശം 30 ശതമാനം പേർക്ക് മാത്രമേ പ്രതിരോധ സിനിമാശാലകളിൽ പ്രവേശനമുള്ളൂ. ശേഷിക്കുന്ന 70 ശതമാനം പേരിലേക്ക് കൂടി എത്താനാണ് '120 ബഹദൂറി'ന്റെ ഈ വ്യാപകമായ റിലീസിലൂടെ അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്. ഏറ്റവും കഠിനമായ പോസ്റ്റുകളിൽ സേവനമനുഷ്ഠിക്കുന്ന സൈനികരിലേക്ക് ചിത്രമെത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് എക്സൽ എന്റർടെയ്ൻമെന്റ് പ്രതിനിധികൾ അറിയിച്ചു.

1962 നവംബർ 18-ന് ലഡാക്കിലെ റെസാങ് ലാ ചുരത്തിൽ നടന്ന വീരോചിതമായ പോരാട്ടമാണ് '120 ബഹദൂർ' സിനിമയുടെ കേന്ദ്രബിന്ദു. അതിശൈത്യമുള്ളതും ദുർഘടവുമായ പ്രദേശത്ത്, ആധുനിക ആയുധബലവും വൻതോതിലുള്ള സൈന്യബലവുമുള്ള ചൈനീസ് സേനയെ വെറും 120 ഇന്ത്യൻ സൈനികരാണ് ധീരമായി നേരിട്ടത്. രാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച ഈ യഥാർത്ഥ നായകന്മാരുടെ പോരാട്ടത്തിന്റെയും ആത്മസമർപ്പണത്തിന്റെയും കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്.

ചിത്രത്തിൽ, പരം വീർ ചക്ര അവാർഡ് ജേതാവായ മേജർ ഷൈതൻ സിങ് ഭാട്ടിയായി നടൻ ഫർഹാൻ അക്തർ വേഷമിടുന്നു. റാഷി ഖന്ന, സ്പർശ് വാലിയ, വിവൺ ഭതേന, ധൻവീർ സിങ്, ദിഗ്‌വിജയ് പ്രതാപ്, സാഹിബ് വർമ, അങ്കിത് സിവാച്ച് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രസ്നീഷ് റേസി ഘായ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.