കൊച്ചി: മലയാള സിനിമയിൽ വീണ്ടും നൂറ് കോടി തിളക്കം. മിഥുൻ മാനുവൽ തോമസ് - ജയസൂര്യ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ബിഗ് ബജറ്റ് ചിത്രം 'ആട് 3; വൺ ലാസ്റ്റ് റൈഡ്' റിലീസ് ചെയ്ത് ഏഴാം ദിവസം നൂറ് കോടി ക്ലബ്ബിൽ ഇടംപിടിച്ചു. നിർമാതാവ് വിജയ് ബാബു തന്നെയാണ് ഈ ചരിത്ര നേട്ടം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. നടൻ ജയസൂര്യയുടെയും നിർമാണ കമ്പനിയായ ഫ്രൈഡേ ഫിലിം ഹൗസിന്റെയും കരിയറിലെ ആദ്യ നൂറ് കോടി ചിത്രമെന്ന സവിശേഷതയും ഇതിനുണ്ട്.

മാർച്ച് 19-ന് ആഗോള റിലീസായെത്തിയ ചിത്രം ആദ്യദിനം മുതൽക്കേ ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ചിരുന്നു. ആദ്യ രണ്ട് ദിനം കൊണ്ട് തന്നെ 48 കോടി രൂപയുടെ ആഗോള കളക്ഷൻ നേടിയ ചിത്രം, കേരളത്തിൽ നിന്ന് മാത്രം മൂന്ന് ദിവസം കൊണ്ട് 20 കോടി രൂപ ഗ്രോസ് കളക്ഷൻ പിന്നിട്ടു. റിലീസ് ചെയ്ത ആദ്യ ആഴ്ചയിൽ ഏറ്റവുമധികം ആഗോള ഗ്രോസ് നേടിയ മലയാള ചിത്രങ്ങളുടെ പട്ടികയിൽ മോഹൻലാൽ ചിത്രം എമ്പുരാന് (175+ കോടി) തൊട്ടുപിന്നാലെ രണ്ടാം സ്ഥാനം കരസ്ഥമാക്കാൻ ആട് 3-ക്ക് സാധിച്ചു. ഇതോടെ മോഹൻലാൽ ചിത്രം 'തുടരും', കല്യാണി പ്രിയദർശന്റെ 'ലോക' എന്നീ സിനിമകൾ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിലേക്ക് പിന്തള്ളപ്പെട്ടു.

കേരളത്തിന് പുറത്തും വിദേശ മാർക്കറ്റുകളിലും ചിത്രം ഗംഭീര പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഗൾഫ് മേഖലയിൽ, പ്രത്യേകിച്ച് യുഎഇയിൽ നിന്ന് മാത്രം ആദ്യ രണ്ട് ദിനം കൊണ്ട് 20 കോടി ഗ്രോസ് കളക്ഷൻ ചിത്രം നേടിയിട്ടുണ്ട്. 'റെസ്റ്റ് ഓഫ് ഇന്ത്യ', 'റെസ്റ്റ് ഓഫ് ദി വേൾഡ്' മാർക്കറ്റുകളിലും ആട് 3 മികച്ച പ്രതികരണവുമായി മുന്നേറുകയാണ്.

ചിത്രത്തിന്റെ ആദ്യ രണ്ട് ഭാഗങ്ങളെക്കാൾ വലിയ സ്വീകരണമാണ് എപ്പിക് ഫാന്റസി രൂപത്തിലെത്തിയ മൂന്നാം ഭാഗത്തിന് പ്രേക്ഷകർ നൽകുന്നത്. ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ആദ്യദിന കളക്ഷനും ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റും ഈ ചിത്രം സ്വന്തമാക്കി കഴിഞ്ഞു. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവും കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പിള്ളിയും ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമിച്ചത്.