ഹൈദരാബാദ്: പാൻ ഇന്ത്യ തലത്തിൽ ലക്കി ഭാസ്കർ ഹിറ്റായതോടെ അന്യഭാഷ ചിത്രങ്ങളിൽ സജീവമാവുകയാണ് ദുൽഖർ സൽമാൻ. വരാനിരിക്കുന്ന തമിഴ് ചിത്രമായ കാന്തയുടെ അപ്ഡേറ്റിന് പിന്നാലെ തരാം നായകാനായെത്തുന്ന തെലുങ്ക് ചിത്രത്തിന്റെ വാർത്തകളും ഇപ്പോൾ ആരാധകർ ചർച്ചയാക്കുകയാണ്. 'ആകാശം ലോ ഒക താര'യുടെ ആദ്യ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ദുൽഖറിന് ജന്മദിനാശംസകൾ നേർന്നു കൊണ്ടാണ് ചിത്രത്തിന്റെ ദൃശ്യങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടത്. പവൻ സാദിനേനിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

മഹാനടി, സീതാ രാമം, കൽക്കി തുടങ്ങിയ ചിത്രങ്ങളിലെ മികച്ച പ്രകടനങ്ങളിലൂടെ തെലുങ്ക് സിനിമയിൽ ശ്രദ്ധേയനായ ദുൽഖർ, തെലുങ്കിൽ വലിയ ആരാധക വൃന്ദവും ജനപ്രീതിയും ഇതിനോടകം നേടിയെടുത്തിട്ടുണ്ട്. വ്യത്യസ്തമായ കഥപറച്ചിലിനും സിനിമാറ്റിക് സമീപനത്തിനും പേരുകേട്ട സംവിധായകനാണ് പവൻ സാദിനേനി.

സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്ന് നിർമ്മിക്കുന്ന ഈ വമ്പൻ ചിത്രം തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനികളായ ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നിവർ ഒന്നിച്ചവതരിപ്പിക്കുന്നു. തെലുങ്ക് കൂടാതെ തമിഴ്, ഹിന്ദി, മലയാളം ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായി 'ആകാശം ലോ ഒക താര' പ്രേക്ഷകരുടെ മുന്നിൽ ഉടൻ എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. നിർമ്മാണം സന്ദീപ് ഗുന്നം, രമ്യ, ഗുന്നം ലൈറ്റ് ബോക്‌സ് മീഡിയ ബാനറിൽ, ഗീത ആർട്‌സ് & സ്വപ്‌ന സിനിമ അവതരിപ്പിക്കുന്നു.