കൊച്ചി: ധ്യാൻ ശ്രീനിവാസന്റെ തിരക്കഥയില്‍ നവാഗതനായ വിനയ് ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ആപ്പ് കൈസേ ഹോ'. ലവ് ആക്ഷൻ ഡ്രാമയ്ക്ക് ശേഷം ധ്യാൻ ശ്രീനിവാസൻ തിരക്കഥ ഒരുക്കുന്ന ചിത്രം വലിയ പ്രതീക്ഷയോടെയാണ് റിലീസിനൊരുങ്ങുന്നത്. മലയാളികളുടെ പ്രിയ നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ ഒരിടവേളയ്ക്ക് ശേഷം മകന്‍ ധ്യാൻ ശ്രീനിവാസന് വെള്ളിത്തിരയിൽ എത്തുന്നുവെന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. കോമഡിക്ക് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രം നാളെ തിയറ്ററുകളിലെത്തും.

ലൗ ആക്ഷൻ ഡ്രാമ, പ്രകാശൻ പറക്കട്ടെ എന്നീ ചിത്രങ്ങൾക്ക് ശേഷം മലയാളികളുടെ ഇഷ്ടതാരം ധ്യാന്‍ ശ്രീനിവാസൻ്റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രമാണ് 'ആപ്പ് കൈസേ ഹോ'. ഡി ഗ്രൂപ്പിന്റെ ബാനറിൽ മാനുവൽ ക്രൂസ് ഡാർവിനും അംജതും ചേർന്ന് നിർമിക്കുന്ന ചിത്രം നവാഗതനായ വിനയ് ജോസ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം വള്ളുവനാടൻ സിനിമ കമ്പനി ത്രൂ തിയറ്ററുകളിലേക്ക് എത്തിക്കുന്നു.

അജു വർഗീസ്, രമേശ് പിഷാരടി, സൈജു കുറുപ്പ്, സുധീഷ്, ജീവ ജോസഫ്, ദിവ്യ ദര്‍ശന്‍, സഞ്ജു ശിവറാം, ജൂഡ് ആന്റണി ജോസഫ്, നവാസ് വള്ളിക്കുന്ന്, ഇടവേള ബാബു, അബിന്‍ ബിനോ, സുരഭി സന്തോഷ്, തന്‍വി റാം, വിജിത തുടങ്ങി വലിയ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മനു മഞ്ജിത്തും സ്വാതി ദാസും ചേര്‍ന്നൊരുക്കുന്ന വരികള്‍ക്ക് ഡോണ്‍ വിന്‍സന്റാണ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. അഖില്‍ ജോര്‍ജ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് വിനയന്‍ എം ജെയാണ്. കലാസംവിധാനം അസീസ് കരുവാരക്കുണ്ട്, മേക്കപ്പ് വിപിന്‍ ഓമശ്ശേരി, കോസ്റ്റ്യൂം ഡിസൈന്‍ ഷാജി ചാലക്കുടി, ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ.