- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമയുടെ കുറച്ച് ഭാഗങ്ങൾ ഷൂട്ട് ചെയ്യാൻ നേരെ എത്തിയത് ഒരു ബീച്ചിലേക്ക്; പിന്നാലെ കടലിൽ ഇറങ്ങിയ യുവനടന്റെ അവസ്ഥ അതിദയനീയം; വിശ്വസിക്കാൻ പറ്റാതെ സഹപ്രവർത്തകർ

കൊൽക്കത്ത: ബംഗാളി സിനിമകളിലൂടെയും ടെലിവിഷൻ പരമ്പരകളിലൂടെയും ശ്രദ്ധേയനായ നടൻ രാഹുൽ അരുണോദയ് ബാനർജി (43) ടെലിവിഷൻ പരമ്പരയുടെ ചിത്രീകരണത്തിനിടെ കടലിൽ മുങ്ങിമരിച്ചു. ഒഡീഷയിലെ തൽസരി ബീച്ചിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. 'ഭോലേ ബാബ പർ കരേഗ' എന്ന ബംഗാളി ടെലിവിഷൻ പരമ്പരയുടെ ചിത്രീകരണത്തിനായി അണിയറപ്രവർത്തകർക്കും സഹതാരങ്ങൾക്കുമൊപ്പം ദിഘയ്ക്ക് സമീപമുള്ള ബീച്ചിലെത്തിയതായിരുന്നു രാഹുൽ.
ദിവസത്തെ ഷൂട്ടിംഗ് പൂർത്തിയാക്കിയ ശേഷം രാഹുൽ ബാനർജി കടലിലിറങ്ങുകയായിരുന്നുവെന്ന് സഹതാരം ദിഗാന്ത ബാഗ്ചി മാധ്യമങ്ങളോട് പറഞ്ഞു. "വെള്ളത്തിനടിയിലുള്ള എന്തിലോ അദ്ദേഹം കുരുങ്ങിയതായി തോന്നുന്നു. ശരിക്കും എന്താണ് സംഭവിച്ചതെന്ന് അറിയില്ല. അദ്ദേഹം അപകടത്തിൽപ്പെട്ടുവെന്ന് കണ്ട് എല്ലാവരും നിലവിളിക്കാൻ തുടങ്ങി. ഞങ്ങൾ എല്ലാവരും ചേർന്ന് അദ്ദേഹത്തെ ഉടൻ കരയിലേക്ക് എത്തിച്ച് ദിഘ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ ആശുപത്രിയിലെത്തിയപ്പോഴേക്കും മരണം സംഭവിച്ചുവെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു," ദിഗാന്ത ബാഗ്ചി വിശദീകരിച്ചു.
സംഭവത്തെക്കുറിച്ച് ഒഡിഷ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അസ്വാഭാവിക മരണത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രാഹുൽ ബാനർജി അഭിനയിച്ചിരുന്ന ടിവി പരമ്പരയുടെ അണിയറപ്രവർത്തകരോടും മറ്റ് ദൃക്സാക്ഷികളോടും പോലീസ് മൊഴിയെടുക്കുന്നുണ്ട്.
നടന്റെ അപകടമരണത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അനുശോചനം രേഖപ്പെടുത്തി. "രാഹുൽ അരുണോദയ് ബാനർജി ഇനി നമുക്കൊപ്പമില്ലെന്ന വാർത്ത എന്നെ ഞെട്ടിച്ചു. എന്താണ് ശരിക്കും സംഭവിച്ചതെന്ന് ഇപ്പോഴും വ്യക്തമല്ല. എന്റെ ഇഷ്ട നടന്മാരിൽ ഒരാളും ഞാൻ ഏറെ ബഹുമാനിക്കുന്ന വ്യക്തിയുമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ ഞാൻ പങ്കുചേരുന്നു. ബംഗാളി വിനോദ വ്യവസായത്തിന് നികത്താനാവാത്ത നഷ്ടമാണ് ഈ വിയോഗം," മമത ബാനർജി പറഞ്ഞു.


