ചെന്നൈ: സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്റെ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ നടന്‍ സൂര്യയ്ക്ക് തലയ്ക്ക് പരിക്കേറ്റു. സംഭവത്തെത്തുടര്‍ന്ന് സൂര്യ 44 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തിവച്ചു.താരത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് അണിയറപ്രവര്‍ത്തകര്‍ വിവരങ്ങള്‍ പുറത്തുവിട്ടു.

സൂര്യയുടെ പരിക്ക് ഗൗരവമുള്ളതല്ലെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് എക്സ് പോസ്റ്റില്‍ വ്യക്തമാക്കി.നിര്‍മ്മാതാവ് രാജശേഖര്‍ പാണ്ഡ്യന്‍ എഴുതിയ ഇങ്ങനെയാണ് 'പ്രിയപ്പെട്ട ആരാധകരെ, ഇതൊരു ചെറിയ പരിക്ക് ആയിരുന്നു. ദയവായി വിഷമിക്കേണ്ട, സൂര്യ അണ്ണാ നിങ്ങളുടെ എല്ലാ സ്നേഹത്തോടും പ്രാര്‍ത്ഥനകളോടും കൂടി സുഖമായിരിക്കുന്നു' എന്നാണ്.

സൂര്യയുടെ പരിക്ക് നിസാരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഊട്ടിയിലെ ആശുപത്രിയില്‍ ചികില്‍സയ്ക്കുശേഷം കുറച്ചുദിവസം വിശ്രമിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നത്. സൂര്യയെ വച്ചുള്ള പ്രധാന രംഗങ്ങളാണ് ഊട്ടിയില്‍ ചിത്രീകരിക്കുന്നത്.

ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ ഈ മാസം ആദ്യമാണ് ഊട്ടിയില്‍ ആരംഭിച്ചത്. നേരത്തെ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ അന്‍ഡമാനില്‍ നടന്നിരുന്നു. സൂര്യയുടെ ജന്മദിനത്തില്‍ ചിത്രത്തിന്റെ ഒരു ഗ്ലിംസ് അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു.സൂര്യയുടെ സ്വന്തം ബാനര്‍ 2ഡി എന്റര്‍ടെയ്മെന്റും, സ്റ്റോണ്‍ ബെഞ്ച് പ്രൊഡക്ഷനും ചേര്‍ന്നാണ് സൂര്യ 44 നിര്‍മ്മിക്കുന്നത്. ശിവ സംവിധാനം ചെയ്ത കങ്കുവ എന്ന ചിത്രം പൂര്‍ത്തിയാക്കിയാണ് സൂര്യ ഈ ചിത്രത്തില്‍ എത്തിയത്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന കങ്കുവ വരുന്ന ഒക്ടോബറിലാണ് റിലീസാകുന്നത്.

ശിവയുടെ കങ്കുവ സൂര്യയുടെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രമാണ് എന്നാണ് വിവരം. പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുങ്ങുന്ന കങ്കുവയുടെ ആദ്യഭാഗമായിരിക്കും ഒക്ടോബറില്‍ ഇറങ്ങുക എന്നാണ് നിര്‍മ്മാതാവ് ജ്ഞാനവേല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ഗ്രീന്‍ സ്റ്റുഡിയോസാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.