ലയാളം, തമിഴ് ചലച്ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി ജനനി അയ്യർ വിവാഹിതയായി. പൈലറ്റായ സായി റോഷൻ ശ്യാം ആണ് വരൻ. തന്റെ അടുത്ത സുഹൃത്ത് കൂടിയായ സായിയുമായുള്ള വിവാഹചിത്രങ്ങൾ ജനനി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചതിന് പിന്നാലെ വൈറലായി. "ഒഫീഷ്യലി മിസ്റ്റർ ആൻഡ് മിസിസ്" എന്ന് കുറിച്ചുകൊണ്ടാണ് ജനനി ഈ സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്.

കഴിഞ്ഞ വർഷം ഏപ്രിലിലായിരുന്നു ജനനിയുടെയും സായിയുടെയും വിവാഹനിശ്ചയം. നടൻ സണ്ണി വെയ്ൻ, നടിമാരായ ഐശ്വര്യ രാജേഷ്, ഗായത്രി ശങ്കർ എന്നിവരുൾപ്പെടെ ചലച്ചിത്രരംഗത്തെ നിരവധി പ്രമുഖർ വധൂവരന്മാർക്ക് ആശംസകളർപ്പിക്കാൻ എത്തിയിരുന്നു.

'അവൻ ഇവൻ' എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ജനനി, 'ത്രീ ഡോട്ട്സ്', 'കൂതറ', 'സെവൻത് ഡേ', 'ഇത് താൻഡാ പോലീസ്', 'മാ ചു ക' തുടങ്ങിയ മലയാള ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. അശോക് സെൽവൻ നായകനായ തമിഴ് ചിത്രം 'തെഗിഡി'യിലെ ജനനിയുടെ പ്രകടനവും അതിലെ 'വിൺമീൻ വിതയിൽ' എന്ന ഗാനവും വലിയ ശ്രദ്ധ നേടിയിരുന്നു. സിനിമയിലെത്തുംമുൻപ് 150-ലേറെ പരസ്യചിത്രങ്ങളിൽ ജനനി അഭിനയിച്ചിട്ടുണ്ട്. ബിഗ് ബോസ് തമിഴ് സീസൺ 2-വിൽ തേർഡ് റണ്ണറപ്പായതും താരത്തിന്റെ കരിയറിലെ പ്രധാനപ്പെട്ട ഒരധ്യായമാണ്.