കൊച്ചി: സിനിമാ പ്രൊമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിനിടെ 'ബോഡി ഷെയ്മിംഗ്' പരാമർശം നടത്തിയ മാധ്യമപ്രവർത്തകനെതിരെ തെലുങ്ക് നടി ലക്ഷ്മി മഞ്ചു തെലുങ്കാന ഫിലിം ചേംബർ ഓഫ് കൊമേഴ്‌സിൽ (TFCC) പരാതി നൽകി. വസ്ത്രധാരണത്തെയും പ്രായത്തെയും കുറിച്ച് മോശമായ ചോദ്യങ്ങൾ ചോദിച്ച മാധ്യമപ്രവർത്തകനെതിരെയാണ് ലക്ഷ്മി രംഗത്തെത്തിയിരിക്കുന്നത്.

ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകൻ പരസ്യമായി മാപ്പ് പറയണമെന്നും ഇത്തരം അനുഭവങ്ങൾ മറ്റ് സ്ത്രീകൾക്ക് ഉണ്ടാകാതിരിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും നടി ആവശ്യപ്പെട്ടു. 'സ്ത്രീകളെ ഏറെ ബഹുമാനിക്കുന്ന രാജ്യമാണ് ഇന്ത്യ. എങ്കിലും തൊഴിലിടങ്ങളിലേക്കെത്തുമ്പോൾ ഞങ്ങൾ സ്ത്രീവിരുദ്ധതയ്ക്കും അവഹേളനത്തിനും അനാദരവിനുമെല്ലാം വിധേയരാകുന്നു. ഇത് തുടരാൻ കഴിയില്ല. ഇത് എനിക്കുവേണ്ടി മാത്രമുള്ളതല്ല, മറിച്ച് ഇതിനെതിരെ ഞാൻ പ്രതികരിക്കണമെന്ന് ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് കൂടി വേണ്ടിയാണ്,' പരാതിയിൽ ലക്ഷ്മി മഞ്ചു കൂട്ടിച്ചേർത്തു.

മാധ്യമപ്രവർത്തനത്തിന്റെ മുഖംമൂടിയണിഞ്ഞ ക്രൂരത എന്നാണ് വിവാദ അഭിമുഖത്തെ നടി വിശേഷിപ്പിച്ചത്. കടുത്ത ചോദ്യങ്ങളെ സ്വാഗതം ചെയ്യാറുണ്ടെന്നും എന്നാൽ എല്ലാ അതിർവരമ്പുകളും ലംഘിക്കുന്ന ഇത്തരം ചോദ്യങ്ങൾ അംഗീകരിക്കാനാവില്ലെന്നും ലക്ഷ്മി മഞ്ചു പരാതിയിൽ വ്യക്തമാക്കി. തെലുങ്ക്, തമിഴ്, ഹിന്ദി ചിത്രങ്ങൾക്ക് പുറമെ ചില ഹോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള ലക്ഷ്മി മഞ്ചു, മോഹൻലാൽ നായകനായ 'മോൺസ്റ്റർ' എന്ന മലയാള ചിത്രത്തിലൂടെയാണ് മലയാളികൾക്ക് പരിചിതയായത്.