- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ദ് കേരള സ്റ്റോറി 2' പേര് മാറ്റാനാവില്ല; ചിത്രം കോടതി നേരിട്ട് കാണുന്നതിനെതിരെ നിർമ്മാതാവ് ഹൈക്കോടതിയിൽ; സെൻസർ ബോർഡിന്റെ അധികാരം കോടതി ഉപയോഗിക്കരുതെന്നും സത്യവാങ്മൂലം

കൊച്ചി: 'ദ് കേരള സ്റ്റോറി 2 ഗോസ് ബിയോണ്ട്' എന്ന ചിത്രത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് നിർമ്മാതാവ് വിപുൽ അമൃത്‌ലാൽ. ചിത്രം നേരിട്ട് കാണാനുള്ള ഹൈക്കോടതിയുടെ തീരുമാനത്തിനെതിരെ എതിർപ്പ് രേഖപ്പെടുത്തിയ അദ്ദേഹം, സിനിമയുടെ പേര് മാറ്റാനാവില്ലെന്നും കേരളം ഉൾപ്പെടെയുള്ള മൂന്ന് സംസ്ഥാനങ്ങളിലെ സംഭവങ്ങളാണ് ചിത്രം പറയുന്നതെന്നും വ്യക്തമാക്കി.
ചിത്രം വിലയിരുത്താനുള്ള അധികാരം സെൻസർ ബോർഡിനാണെന്നും ഈ വിഷയത്തിൽ ഹൈക്കോടതിയുടെ അധികാരം ഉപയോഗിക്കുന്നത് ശരിയല്ലെന്നും സത്യവാങ്മൂലത്തിൽ നിർമ്മാതാവ് വാദിച്ചു. സെൻസർ ബോർഡിന്റെ അംഗീകാരം നേടിയെടുക്കുന്നതിനുള്ള എല്ലാ നടപടികളും ചിത്രം പൂർത്തിയാക്കിയിട്ടുണ്ട്.
രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ടീസർ മാത്രം കണ്ട് ഒരു സിനിമയെ വിലയിരുത്താനാവില്ലെന്ന് വിപുൽ അമൃത്‌ലാൽ ചൂണ്ടിക്കാട്ടി. ടീസറിൽ മൂന്ന് സംസ്ഥാനങ്ങളിൽനിന്നുള്ള മൂന്ന് സ്ത്രീകളെയാണ് കാണിക്കുന്നത്. ഇതിലെ വിഷയങ്ങൾ കേരളത്തിൽ മാത്രമായി ഒതുങ്ങുന്നതല്ലെന്നും ടൈറ്റിലിലെ 'ഗോസ് ബിയോണ്ട്' എന്നത് അലങ്കാരത്തിനല്ലെന്നും സത്യവാങ്മൂലം വ്യക്തമാക്കുന്നു.
ചിത്രത്തിന്റെ റിലീസ് തടയാനുള്ള ഹർജി വൈകിയാണ് ഫയൽ ചെയ്തതെന്നും, ടീസർ പുറത്തിറങ്ങി 16 ദിവസങ്ങൾക്ക് ശേഷമാണ് ഹർജിക്കാർ കോടതിയെ സമീപിച്ചതെന്നും നിർമ്മാതാവ് അറിയിച്ചു. നേരത്തെ, 'ദ് കേരള സ്റ്റോറി' എന്ന ചിത്രത്തിന്റെ ടൈറ്റിലിൽ വാസ്തവവിരുദ്ധതയുണ്ടെന്നും, സിനിമ യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണെന്ന് പറയുന്നത് കേരളത്തിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.


