ചെന്നൈ: 'രാക്ഷസൻ' എന്ന വൻ വിജയത്തിന് ശേഷം വിഷ്ണു വിശാൽ നായകനാകുന്ന പുതിയ തമിഴ് ചിത്രം 'ആര്യൻ' ഒക്ടോബർ 31ന് തീയറ്ററുകളിലെത്തും. ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസ് ആണ്. 'എ പെര്‍ഫെക്റ്റ് ക്രൈം സ്റ്റോറി' എന്ന ടാഗ്‌ലൈനോടെയെത്തുന്ന ചിത്രം ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ്.

നവാഗതനായ പ്രവീൺ കെ. രചനയും സംവിധാനവും നിർവഹിക്കുന്ന 'ആര്യൻ' വിഷ്ണു വിശാൽ സ്റ്റുഡിയോസിന്റെ ബാനറിൽ വിഷ്ണു വിശാൽ തന്നെയാണ് നിർമ്മിക്കുന്നത്. ശുഭ്ര, ആര്യൻ രമേശ് എന്നിവർ ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. ദിവസങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലർ പ്രേക്ഷകശ്രദ്ധ നേടുകയും ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷ വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് വിഷ്ണു വിശാൽ ചിത്രത്തിൽ എത്തുന്നത്. ശ്രദ്ധാ ശ്രീനാഥ്, വാണി ഭോജൻ, സെൽവരാഘവൻ, ചന്ദ്രു, ജീവ സുബ്രമണ്യം എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വേഫറെര്‍ ഫിലിംസ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്ന 'സു ഫ്രം സോ', 'ലോക', 'ഫെമിനിച്ചി ഫാത്തിമ' എന്നീ ചിത്രങ്ങൾക്ക് ശേഷമുള്ള പുതിയ സംരംഭമാണിത്.

ഹാരിഷ് കണ്ണനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ജിബ്രാൻ സംഗീതം നൽകുന്നു. സാന്‍ ലോകേഷ് എഡിറ്റർ നിർവഹിക്കുന്ന ചിത്രത്തിന്റെ ആക്ഷൻ കോറിയോഗ്രഫി സ്റ്റണ്ട് സിൽവ, പി.സി. സ്റ്റണ്ട്‌സ്, പ്രഭു എന്നിവർ കൈകാര്യം ചെയ്യുന്നു.