മുംബൈ: ഇടക്കിടെ മാത്രമാണ് സിനിമയില്‍ അഭിനയിക്കുന്നതെങ്കിലും ഇന്ത്യയിലെ ഏറ്റവും സമ്പന്നയായി നടിയുടെ സ്ഥാനത്ത് നടി ഐശ്വര്യ റായി. ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമാ ലോകത്തും ഒരുപോലെ പ്രവര്‍ത്തിക്കുന്ന ഐശ്വര്യയുടെ ആസ്തി 862 കോടിയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഇപ്പോള്‍ ഒരു ചിത്രത്തിന് പത്ത് കോടി രൂപയോളമാണ് ഐശ്വര്യ റായി വാങ്ങുന്നത്. പരസ്യചിത്രങ്ങള്‍ക്ക് ഏഴ് മുതല്‍ എട്ട് കോടിവരെയാണ് നടി പ്രതിഫലമായി വാങ്ങുന്നു.

ആറ് മുതല്‍ ഏഴ് കോടി വരെയാണ് ബ്രാന്‍ഡ് എന്‍ഡോഴ്സ്മെന്റുകള്‍ക്ക് ഐശ്വര്യ വാങ്ങുന്നത്. ലോറിയല്‍, സ്വിസ് ആഡംബര വാച്ചായ ലോഞ്ചിനസ്, ലക്സ്, കൊക്കക്കോള, പെപ്സി, ടൈറ്റന്‍ വാച്ചുകള്‍, ലാക്മി കോസ്മെറ്റിക്സ്, കാഷ്യോ പേജര്‍, ഫിലിപ്പ്സ്, പാമോലീവ്, കാഡ്ബെറി, ഫ്യൂജി ഫിലിംസ്, കല്യാണ്‍ ജുവല്ലേഴ്സ്, ടിടികെ പ്രസ്റ്റീജ് ഗ്രൂപ്പ് പോലുള്ള കമ്പനികളുമായി പരസ്യ കരാറും നടിക്കുണ്ട്.

ഇന്ത്യയിലും വിദേശത്തുമായി ആഡംബര വസതികളും നടിക്ക് സ്വന്തമായിട്ടുണ്ട്.നിലവില്‍, മുംബൈ ബാന്ദ്രയിലാണ് താരം താമസിക്കുന്നത്. ബാന്ദ്ര-കുര്‍ള കോംപ്ലക്സിലുള്ള ഈ ആഡംബര അപ്പാര്‍ട്മെന്റിന്റെ വില 50 കോടിയാണ്. 2015 ലാണ് അപ്പാര്‍ട്‌മെന്റ് നടി വാങ്ങുന്നത്. ഇതുകൂടാതെ ദുബൈയിലും ഒരു ആഡംബര ഭവനമുണ്ട്. ഒരു ഇന്‍-ഹൗസ് ജിം, നീന്തല്‍ക്കുളം, മറ്റ് ആഡംബര സൗകര്യങ്ങളുള്ള വീടിന്റെ മൂല്യം ഏകദേശം 15 കോടിയാണ്. റോള്‍സ് റോയ്സ് ഗോസ്റ്റ്, ഓഡി എ8എല്‍, മെഴ്സിഡസ് ബെന്‍സ് എസ്500, മെഴ്സിഡസ് ബെന്‍സ് എസ്350ഡി കൂപ്പ്, ലെക്സസ് എല്‍െക്സ് 570, എന്നിങ്ങനെ നിരവധി ആഡംബര കാറുകളും നടിക്കുണ്ട്.

രണ്ടാം സ്ഥാനത്ത് പ്രിയങ്ക ചോപ്രയാണ്. 600 കോടിയാണ് നടിയുടെ ആസ്തി. ഹോളിവുഡില്‍ സജീവമായ പ്രിയങ്ക സിനിമ/ സീരീസ് എന്നിവക്കായി ലക്ഷക്കണക്കിന് ഡോളറുകളാണ് പ്രതിഫലമായി കൈപ്പറ്റുന്നത്. ബ്രാന്‍ഡ് പ്രമോഷന്‍,എന്‍ഡോഴ്സ്മെന്റ് എന്നിവയിലൂടെകോടി കണക്കിന് രൂപയാണ് താരം സമ്പാദിക്കുന്നുണ്ട്.ബിസിനസിലും സജീവമാണ്.പര്‍പ്പിള്‍ പിക്ചേഴ്സ് പ്രിയങ്കയുടെ നിര്‍മാണ കമ്പനിയാണ്.അനോമലി എന്ന പേരില്‍ ഹെയര്‍കെയര്‍ ബ്രാന്‍ഡും ന്യൂയോര്‍ക്ക് സിറ്റിയില്‍ ഒരു ഇന്ത്യന്‍ റെസ്റ്റോറന്റും നടിക്കുണ്ട്.