മുംബൈ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ജീവിതം പറയുന്ന 'അജയ്: ദി അൺടോൾഡ് സ്റ്റോറി ഓഫ് യോഗി' എന്ന സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്തു. ശാന്തനു ഗുപ്തയുടെ 'ദി മോങ്ക് ഹു ബികം ചീഫ് മിനിസ്റ്റർ' എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. യോഗി ആദിത്യനാഥായി ആനന്ദ് ജോഷിയും അദ്ദേഹത്തിന്റെ ഉപദേഷ്ടാവായ മഹന്ത് ആദിത്യനാഥായി പരേഷ് റാവലും ചിത്രത്തിൽ അഭിനയിക്കുന്നു.

ആഗസ്റ്റിൽ റിലീസ് ചെയ്യാനിരുന്ന ചിത്രം സെൻസർ ബോർഡുമായുള്ള ചർച്ചകളെ തുടർന്ന് റിലീസ് വൈകുകയായിരുന്നു. ഒടുവിൽ അക്ഷയ് കുമാർ നായകനായ 'ജോളി എൽഎൽബി 3' ഉൾപ്പെടെയുള്ള ചിത്രങ്ങൾക്കൊപ്പമാണ് 'അജയ്' റിലീസ് ചെയ്തത്. ആദ്യ ദിനം 12.50 കോടി രൂപ കളക്ഷൻ നേടി അക്ഷയ് കുമാറിന്റെ ചിത്രം മുന്നിട്ടുനിൽക്കുമ്പോൾ, 'അജയ്' ആദ്യ ദിനം 20 ലക്ഷം രൂപയാണ് നേടിയതെന്ന് സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നു.

നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, ഇന്ദിരാ ഗാന്ധി, ജയലളിത തുടങ്ങിയ രാഷ്ട്രീയ നേതാക്കളുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമകളും പുറത്തിറങ്ങിയിരുന്നു. എന്നാൽ അവയൊന്നും വിചാരിച്ചത്ര സാമ്പത്തിക വിജയം നേടിയില്ല. ഉണ്ണിമുകുന്ദൻ നരേന്ദ്ര മോദിയായി വേഷമിടുന്ന ഒരു ചിത്രവും അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.