ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാർ തന്റെ മുൻ വസതിയിൽ തനിക്കുണ്ടായ അസാധാരണമായ ഒരനുഭവം വെളിപ്പെടുത്തി. അമാനുഷിക ശക്തികളെക്കുറിച്ച് താൻ മുൻപ് പുലർത്തിയിരുന്ന വിശ്വാസങ്ങളെ മാറ്റിമറിക്കാൻ ഈ സംഭവം കാരണമായെന്ന് അദ്ദേഹം ഇന്ത്യാ ടുഡേ കോൺക്ലേവിൽ പറഞ്ഞു. തുടക്കത്തിൽ ഇത്തരം കാര്യങ്ങളിൽ വിശ്വാസമില്ലാതിരുന്ന തനിക്ക് ഈ അനുഭവം വലിയ ചിന്ത നൽകിയെന്നും അക്ഷയ് കുമാർ വ്യക്തമാക്കി.

തന്റെ ഭാര്യ ആ വീട്ടിൽ എന്തോ അസ്വാഭാവികതയുള്ളതായി നിരന്തരം പറഞ്ഞിരുന്നതായും ഒരു സ്ത്രീ നടക്കുന്ന ശബ്ദം കേൾക്കാറുണ്ടായിരുന്നെന്നും അക്ഷയ് കുമാർ ഓർമ്മിച്ചു. എന്നാൽ അന്ന് താനത് തള്ളിക്കളയുകയായിരുന്നു.

തന്റെ മകന് നാലോ അഞ്ചോ വയസുള്ളപ്പോഴാണ് നിർണായകമായ ആ സംഭവം നടന്നത്. ഒരു ദിവസം മകൻ ഉറങ്ങിക്കിടക്കുമ്പോൾ പെട്ടെന്ന് എവിടേക്കോ ചൂണ്ടി, 'ഇവിടെ നിൽക്കരുത്. പോകൂ, നിങ്ങൾ പൊയ്ക്കോളൂ' എന്ന് പറഞ്ഞു. ആരോടാണ് മകൻ സംസാരിക്കുന്നതെന്ന് ചോദിച്ച് താൻ ഞെട്ടിപ്പോയെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് ഭാര്യ, 'കണ്ടോ ഞാൻ പറഞ്ഞില്ലേ ഇവിടെ ആരോ ഉണ്ടെന്ന്. നമ്മുടെ മകൻ പോലും ആരോടോ സംസാരിക്കുന്നു' എന്ന് പറഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തി.

ഈ സംഭവത്തിന് ശേഷം അമാനുഷിക ശക്തികളെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടിൽ മാറ്റം വന്നെന്നും താരം സമ്മതിച്ചു. ലോകത്ത് അമാനുഷികമായ ചില ഊർജ്ജങ്ങൾ നിലനിൽക്കുന്നുണ്ടാകാം. ചില വ്യക്തികൾക്ക് ചുറ്റും പോസിറ്റീവ് എനർജി ഉള്ളതുപോലെ തന്നെ നെഗറ്റീവ് ഊർജങ്ങളും ഉണ്ടാകാമെന്നും നമുക്ക് ചുറ്റും എപ്പോഴും ഏതോ തരത്തിലുള്ള ഊർജമുണ്ടെന്നും അക്ഷയ് കുമാർ കൂട്ടിച്ചേർത്തു. ഒരു വ്യക്തിപരമായ അനുഭവം എങ്ങനെയാണ് തന്റെ കാഴ്ചപ്പാടുകളെ മാറ്റിമറിച്ചതെന്ന് ഈ വെളിപ്പെടുത്തലിലൂടെ താരം വ്യക്തമാക്കുന്നു.