ഹൈദരാബാദ്: ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരമായി അല്ലു അര്‍ജുന്‍. പ്രതിഫല കാര്യത്തില്‍ സൂപ്പറുകളെ എല്ലാം കടത്തിവെട്ടിയിരിക്കയാണ് അല്ലുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 300 കോടിയാണ് ഏറ്റവും പുതിയ ചിത്രമായ പുഷ്പ 2നായി വാങ്ങുന്നതെന്ന് റിപ്പോര്‍ട്ട്.

ട്രാക്ക് ടോളിവുഡിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ദളപതി 69ന് വിജയ് 275 കോടി രൂപയാണ് പ്രതിഫലം വാങ്ങുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 250 കോടിയായിരുന്നു ഷാറൂഖ് ഖാന്റെ പ്രതിഫലം.

ഈ വര്‍ഷം ഇന്ത്യന്‍ ബോക്‌സ് ഓഫീസ് ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് അല്ലു അര്‍ജുന്റെ പുഷ്പ 2: ദ റൂള്‍. ഡിസംബര്‍ ആദ്യവാരം തിയറ്ററുകളില്‍ എത്തുമെന്ന് വിവരം.2021 വന്‍ വിജയമായ പുഷ്പ: ദി റൈസിന്റെ രണ്ടാം ഭാ?ഗമാണിത്.

സുകുമാറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഈ ആക്ഷന്‍ ഡ്രാമ ചിത്രത്തിന്റെ നിര്‍മണ ചെലവ് 500 കോടി രൂപയാണ്. അല്ലു അര്‍ജുനൊപ്പം ഫഹദ് ഫാസില്‍, രശ്മിക മന്ദന്ന, പ്രകാശ് രാജ്, ജഗപതി ബാബു, ജഗദീഷ് പ്രതാപ് ബണ്ഡാരി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.