കൊച്ചി: ബോക്സ് ഓഫീസിൽ തരംഗമാകുന്ന 'വാഴ 2' വിന്റെ വ്യാജ പതിപ്പുകൾ പ്രചരിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി സംവിധായകനും നടനുമായ അൽഫോൻസ് പുത്രൻ. സിനിമയുടെ സിഡി റിപ്പുകൾ പലയിടത്തും പ്രചരിക്കുന്നുണ്ടെന്നും തിയറ്ററിൽ പോയി സിനിമ കാണാൻ എല്ലാവരും സപ്പോർട്ട് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കൊപ്പം തിയറ്ററിൽ സിനിമ കണ്ടിറങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.

തിയറ്ററിൽ നിന്ന് ചിത്രീകരിച്ച രംഗങ്ങൾ ഇൻസ്റ്റഗ്രാമിൽ ഉൾപ്പെടെ പ്രചരിക്കുന്നതിനെക്കുറിച്ച് അൽഫോൻസ് പുത്രന്റെ മറുപടി ഇങ്ങനെയായിരുന്നു: "ഇൻസ്റ്റഗ്രാമിൽ ഇത്തരം ലിങ്കുകൾ സെർച്ച് ചെയ്ത് കണ്ടുപിടിക്കാൻ വലിയ പാടാണ്. ഡോട്ടുകളും അണ്ടർസ്കോറും ഒപ്പം പേര് ചൈനീസ് ഭാഷയിലോ മറ്റോ ഇട്ടുകഴിഞ്ഞാൽ ആർക്കും പെട്ടെന്ന് പിടികൂടാൻ പറ്റില്ല. പേര് മാറ്റി ഒരാളെ തെറി വിളിക്കുന്നത് പോലെയാണിത്. ഇങ്ങനെ അപ്‌ലോഡ് ചെയ്ത് അവർക്ക് കാശുണ്ടാക്കണം എന്നേയുള്ളൂ. ഇതിന് സിനിമയുമായോ സിനിമക്കാരുമായോ ബന്ധമില്ല. മോഷ്ടിച്ചേ തിന്നാൻ പറ്റൂ എന്നുണ്ടെങ്കിൽ അവർ അങ്ങനെ തിന്നട്ടെ."

തന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'പ്രേമ'ത്തേക്കാൾ മികച്ച അനുഭവം 'വാഴ 2' നൽകുന്നുണ്ടെന്ന് അൽഫോൻസ് സാക്ഷ്യപ്പെടുത്തി. പ്രേമം ഒരു ഒറ്റ വികാരത്തെ ആസ്പദമാക്കിയുള്ള സിനിമയായിരുന്നു. എന്നാൽ 'വാഴ 2' വിൽ അച്ഛൻ, അമ്മ, സഹോദരങ്ങൾ എന്നിങ്ങനെ കുടുംബബന്ധങ്ങൾക്കും വൈകാരികമായ ഒട്ടേറെ സമവാക്യങ്ങൾക്കും വലിയ പ്രാധാന്യം നൽകുന്നുണ്ട്.

താൻ ബോർഡിങ് സ്കൂളിൽ വളർന്ന ഒരാളാണെന്നും അതിനാൽ തന്നെ സിനിമയിലെ വൈകാരിക നിമിഷങ്ങൾ തന്നെ വല്ലാതെ സ്പർശിച്ചുവെന്നും അൽഫോൻസ് പുത്രൻ കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയയിൽ സിനിമയുടെ ക്ലിപ്പുകൾ പ്രചരിക്കുന്നുണ്ടെന്ന വാർത്തകൾക്കിടെയാണ് സിനിമയുടെ വിജയത്തിൽ പങ്കുചേരാൻ അൽഫോൻസും എത്തിയത്.