മുംബൈ: ബോളിവുഡിലെ താരകുടുംബമാണ് ബച്ചന്‍ കുടുബം. ഇന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന കുടുംബം. 1973 ജൂണ്‍ മൂന്നിനായിരുന്നു താരങ്ങളായ അമിതാഭ് ബച്ചനും ജയ ബച്ചനും വിവാഹിതരായത്. കുടുംബാംഗങ്ങളും വളരെ അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു അന്ന് താരവിവാഹത്തിനുണ്ടായിരുന്നത്.

അമിതാഭ് ബച്ചന്റെ പിതാവും കവിയുമായ ഹരിവംശ് റായ് ബച്ചന്‍ തന്റെ അത്മകഥയായ ആഫ്റ്റര്‍നൂണ്‍ ഓഫ് ടൈം: ആന്‍ ഓട്ടോബയോഗ്രഫിയില്‍ മകന്റെ വിവാഹത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്. അമിതാഭുമായുള്ള വിവാഹത്തിന് ജയയുടെ മാതാപിതാക്കള്‍ക്ക് താല്‍പര്യമില്ലായിരുന്നുവെന്നും വിവാഹവേളയില്‍ കുടുംബാംഗങ്ങളുടെ മുഖത്ത് അതൃപ്തിപ്രകടമായിരുന്നുവെന്നും അദ്ദേഹം പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. ഇപ്പോഴിതാ ഹരിവംശ് റായ് ബച്ചന്റെ വാക്കുകള്‍ആരാധകുടെ ഇടയില്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.

'കുടുംബാംഗങ്ങളും വളരെ അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു അമിതാഭിന്റേയും ജയയുടേയും വിവാഹത്തിന് പങ്കെടുത്തത്. വിരലിലെണ്ണാവുന്ന അതിഥികള്‍ മാത്രമേ വിവാഹത്തിന് ഉണ്ടായിരുന്നുള്ളൂ. ഞങ്ങളുടെ ഭാഗത്ത് നിന്ന് അഞ്ച് അതിഥികളായിരുന്നു. അതില്‍ പ്രധാനി സഞ്ജയ് ഗാന്ധിയായിരുന്നു. രണ്ട് എഴുത്തകാരും ഒരു രാഷ്ട്രീയ നേതാവും വിവാഹത്തിന് പങ്കെടുത്തു. മലബാര്‍ ഹില്‍സിലെ സ്‌കൈലാര്‍ക്ക് കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലായിരുന്നു വിവാഹം നടന്നത്. അമിതാഭിന്റേയോ ജയയുടേയോ സുഹൃത്താണ് സ്ഥലം തരപ്പെടുത്തിയത്. എന്നാല്‍ തുടക്കം മുതലെ ഞാനൊരു കാര്യം ശ്രദ്ധിച്ചു,ജയയുടെ വീട്ടുകാരുടെ മുഖത്ത് സന്തോഷമില്ലായിരുന്നു.

ബംഗാളി രീതിയില്‍ വിവാഹം നടത്തണമെന്നായിരുന്നു ജയയുടെ കുടുംബത്തിന്റെ ആഗ്രഹം. ഞങ്ങള്‍ക്ക് എതിര്‍പ്പില്ലായിരുന്നു. വിവാഹത്തിന് മുന്നോടിയായി വരനെ സ്വീകരിക്കുന്ന ഒരു ചടങ്ങുണ്ട്. വധുവിന്റെ മാതാപിതാക്കള്‍ സമ്മാനവുമായി വരന്റെ വീട്ടില്‍ വരണം. തിരിച്ച് ഉപഹാരങ്ങളുമായി വരന്റെ കുടുംബാംഗങ്ങള്‍ വധുവിന്റെ വീട്ടിലും പോണം. ഞങ്ങള്‍ ചടങ്ങിനായി ജയയുടെ വീട്ടിലെത്തിയപ്പോള്‍ ജയക്ക് ഒഴികെ മറ്റാരുടേയും മുഖത്ത് സന്തോഷമില്ലായിരുന്നു.

അമിതാഭിന്റെ വിവാഹം ഞങ്ങള്‍ അയല്‍ക്കാരേയും അറിയിച്ചില്ല.വീട്ടിലെ അലങ്കാരപ്പണികളെക്കുറിച്ച് അന്വേഷിച്ചവരോട് രാത്രി വീട്ടില്‍ ഷൂട്ടിങ്ങുണ്ടെന്ന് കള്ളം പറഞ്ഞു. വിവാഹത്തിന് വളരെ സന്തോഷത്തോടെയും നാണത്തോടെയുമാണ് ജയ മണ്ഡപത്തിലെത്തിയത്. അത് അഭിനയമായിരുന്നില്ല. വിവാഹചടങ്ങുകള്‍ അവസാനിച്ച് വീട്ടിലേക്ക് പുറപ്പെടുന്നതിന് മുമ്പ്, അമിതാഭിനെ പോലൊരു മരുമകനെ കിട്ടിയത് നിങ്ങളുടെ ഭാഗ്യമെന്ന് പറയാന്‍ ജയയുടെ പിതാവിനെ സമീപിച്ചു. അദ്ദേഹം തങ്ങളുടെ കുടുംബം പൂര്‍ണ്ണമായി നശിച്ചുവെന്നാണ് എന്നോട് പറഞ്ഞത്' -ഹരിവംശ് റായ് ബച്ചന്‍ പുസ്തകത്തില്‍ എഴുതി.

ബോളിവുഡിലെ മാതൃകദമ്പതികളാണ് അമിതാഭ് ബച്ചനും ജയയും. വിവാഹശേഷം ജയ ബച്ചന്‍ സിനിമയില്‍ നിന്ന് ഇടവേള എടുത്തു. അമിതാബ് ഇപ്പോഴും സിനിമയില്‍ സജീവമാണ്.