കൊച്ചി: മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ചിത്രം 'വൃഷഭ'യിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. അച്ഛനും മകനും തമ്മിലുള്ള വൈകാരിക ബന്ധത്തിന്റെ ആഴം പറയുന്ന "അപ്പ" എന്ന ഗാനം ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. സംഗീത സംവിധായകൻ സാം സി.എസ്. ഈണം നൽകിയ ഈ ഗാനത്തിന്റെ മലയാളം വരികൾ രചിച്ചത് വിനായക് ശശികുമാർ ആണ്.

ഗായകൻ മധു ബാലകൃഷ്ണനാണ് മലയാള പതിപ്പ് ആലപിച്ചിരിക്കുന്നത്. ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിൽ വിജയ് പ്രകാശ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിൻ്റെ പ്രമേയം ഉൾക്കൊണ്ടുകൊണ്ട്, അച്ഛനും മകനും തമ്മിലുള്ള ശക്തവും വൈകാരികവുമായ ബന്ധത്തെയാണ് ഗാനം പ്രതിഫലിപ്പിക്കുന്നത്. കന്നഡ സംവിധായകൻ നന്ദകിഷോർ രചനയും സംവിധാനവും നിർവഹിച്ച 'വൃഷഭ' തെലുങ്ക്, മലയാളം ഭാഷകളിൽ ഒരുക്കിയ ദ്വിഭാഷാ ചിത്രമാണ്. ഹിന്ദി, കന്നഡ ഭാഷകളിൽ കൂടി മൊഴിമാറ്റം ചെയ്ത് 2025 ഡിസംബർ 25-ന് ചിത്രം ആഗോളതലത്തിൽ റിലീസിനെത്തും.

സമർജിത് ലങ്കേഷ്, രാഗിണി ദ്വിവേദി, നയൻ സരിക, അജയ്, നേഹ സക്സേന, ഗരുഡ റാം, വിനയ് വർമ, അലി, അയ്യപ്പ പി. ശർമ, കിഷോർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. എസ്.ആർ.കെ., ജനാർദൻ മഹർഷി, കാർത്തിക് എന്നിവർ ചേർന്നാണ് ചിത്രത്തിലെ സംഭാഷണങ്ങൾ രചിച്ചത്. കന്നഡ സംവിധായകൻ നന്ദ കിഷോർ രചനയും സംവിധാനവും നിർവഹിച്ച ചിത്രം കണക്റ്റ് മീഡിയയും ബാലാജി ടെലിഫിലിംസും അഭിഷേക് എസ്. വ്യാസ് സ്റ്റുഡിയോയും ചേർന്നാണ് അവതരിപ്പിക്കുന്നത്. ശോഭ കപൂർ, ഏക്താ ആർ കപൂർ, സികെ പത്മകുമാർ, വരുൺ മാത്തൂർ, സൗരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാൽ ഗുർനാനി, പ്രവീർ സിങ്, ജൂഹി പരേഖ് മേത്ത എന്നിവർ ചേർന്ന് നിർമിച്ച വൃഷഭ, ആശീർവാദ് സിനിമാസ് ആണ് കേരളത്തിലെത്തിക്കുന്നത്. വിമൽ ലഹോട്ടി ആണ് ചിത്രത്തിന്റെ സഹനിർമ്മാതാവ്.