പ്രമുഖ സംഗീത സംവിധായകൻ എ.ആർ. റഹ്മാൻ, പ്രായപൂർത്തിയാകാത്ത അസിസ്റ്റന്റ് കൊറിയോഗ്രാഫറെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ നൃത്തസംവിധായകൻ ജാനി മാസ്റ്ററോടൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ അതിരൂക്ഷ വിമർശനത്തിന് വിധേയനായി.

'പെഡ്ഡി' എന്ന ചിത്രത്തിലെ 'ചിക്കിരി ചിക്കിരി' എന്ന ഗാനത്തിന് ജാനി മാസ്റ്റർ നൃത്തസംവിധാനം നിർവഹിച്ചതിന് പിന്നാലെയാണ് വിവാദങ്ങളുടെ തുടക്കം. നവംബർ 9-ന് ജാനി മാസ്റ്റർ, എ.ആർ. റഹ്മാനും ചിത്രത്തിന്റെ സംവിധായകൻ ബുച്ചി ബാബു സനയ്ക്കും ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. ഇതിൽ, എ.ആർ. റഹ്മാന്റെ സംഗീതത്തിൽ ഈ ഗാനത്തിന് നൃത്തസംവിധാനം ചെയ്യാൻ കഴിഞ്ഞത് വിശ്വസിക്കാനാവുന്നില്ലെന്ന് ജാനി മാസ്റ്റർ കുറിച്ചു.

എന്നാൽ, ഈ ചിത്രങ്ങൾ പുറത്തുവന്നതോടെ എ.ആർ. റഹ്മാനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനങ്ങൾ കടുക്കുകയായിരുന്നു. ഒരു കുറ്റാരോപിതനൊപ്പം സഹകരിച്ചതിനെതിരെയും, ഇത്തരം വ്യക്തികൾക്ക് അവസരം നൽകിയതിനെതിരെയും നിരവധിപേർ രംഗത്തെത്തി. മുമ്പ് തമിഴ് ഗാനരചയിതാവ് വൈരമുത്തുവിനോടൊപ്പമുള്ള സഹകരണം റഹ്മാൻ നിർത്തിവെച്ചത് ചൂണ്ടിക്കാണിച്ചും വിമർശനങ്ങളുണ്ടായി.

ജാനി മാസ്റ്റർക്കെതിരെ 2024 സെപ്റ്റംബറിലാണ് ലൈംഗികാതിക്രമത്തിന് പരാതി ലഭിച്ചത്. സംഭവം പുറത്തുപറഞ്ഞാൽ ശാരീരികമായി ഉപദ്രവിക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്. ജാമ്യത്തിലിറങ്ങിയ പ്രതിയോടൊപ്പം സഹകരിച്ച എ.ആർ. റഹ്മാന്റെ നടപടി തികച്ചും നിരാശാജനകമാണെന്ന് പലരും അഭിപ്രായപ്പെട്ടു.