കൊച്ചി: ഉർവശിയും ജോജു ജോർജ്ജും ആദ്യമായി ഒന്നിക്കുന്ന 'ആശ' എന്ന ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പ്രവചനാതീതമായ മുഖഭാവങ്ങളോടെ ഉർവശിയും ജോജു ജോർജ്ജും പ്രത്യക്ഷപ്പെടുന്ന പോസ്റ്റർ ചിത്രത്തെക്കുറിച്ചുള്ള പ്രേക്ഷകരുടെ ആകാംഷ വർദ്ധിപ്പിച്ചു. അഞ്ച് ഭാഷകളിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി, വിജയരാഘവൻ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.

അങ്ങേയറ്റം സങ്കീർണ്ണവും പ്രവചനാതീതവുമായ കഥാപാത്രമായാണ് ചിത്രത്തിൽ ഉർവശി എത്തുന്നത്. നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിലെ ഉർവശിയുടെ തീക്ഷ്ണമായ നോട്ടം ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ജോജു ജോർജ്ജും വേറിട്ടൊരു ഗെറ്റപ്പിലാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. 'പണി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ രമേഷ് ഗിരിജയും 'ആശ'യിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കഥാപാത്രങ്ങളുടെ അവിസ്മരണീയമായ പ്രകടനങ്ങളായിരിക്കും ചിത്രത്തിലൂടെ പ്രേക്ഷകർക്ക് ലഭിക്കുകയെന്ന് പോസ്റ്റർ സൂചന നൽകുന്നു.

നവാഗതനായ സഫർ സനലാണ് 'ആശ'യുടെ കഥയെഴുതി സംവിധാനം ചെയ്യുന്നത്. ജോജു ജോർജ്, രമേഷ് ഗിരിജ, സഫർ സനൽ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ഈ ചിത്രം, 'പൊൻമാൻ', 'ഗഗനചാരി', 'ബാന്ദ്ര', 'മദനോത്സവം', 'സർക്കീട്ട്' തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങൾക്ക് ശേഷം അജിത് വിനായക ഫിലിംസ് അവതരിപ്പിക്കുന്ന പുതിയ പ്രോജക്റ്റാണ്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും ഫസ്റ്റ് ലുക്ക് പോസ്റ്ററും നേരത്തെ പുറത്തിറങ്ങിയിരുന്നു.

മധു നീലകണ്ഠനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ഷാൻ മുഹമ്മദ് എഡിറ്റിംഗും മിഥുൻ മുകുന്ദൻ സംഗീതവും ഒരുക്കുന്നു. അജയൻ അടാട്ട് സൗണ്ട് ഡിസൈനും സിങ്ക് സൗണ്ടും കൈകാര്യം ചെയ്യുമ്പോൾ വിവേക് കളത്തിൽ പ്രൊഡക്ഷൻ ഡിസൈനറായി പ്രവർത്തിക്കുന്നു. മേക്കപ്പ് ഷമീർ ഷാമും വസ്ത്രാലങ്കാരം സുജിത്ത് സി.എസും സ്റ്റണ്ട് ദിനേഷ് സുബ്ബരായനും പ്രൊഡക്ഷൻ കൺട്രോളർ ഷബീർ മാലവട്ടത്തുമാണ്. രതീഷ് പിള്ള ചീഫ് അസോസിയേറ്റ് ഡയറക്ടറും ജിജോ ജോസ്, ഫെബിൻ എം. സണ്ണി എന്നിവർ അസോസിയേറ്റ്‌സ് ഡയറക്ടർമാരുമാണ്. സ്റ്റിൽസ് അനൂപ് ചാക്കോയും ഡിസൈൻസ് യെല്ലോടൂത്ത്‌സുമാണ്. ആതിര ദിൽജിത്താണ് പിആർഒ.