കൊച്ചി: ജോൺ പോൾ ജോർജ് സംവിധാനം ചെയ്യുന്ന 'ആശാൻ' എന്ന ചിത്രത്തിൻ്റെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. സൂപ്പർസ്റ്റാർ കരൺ ചന്ദ് എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ബിബിൻ പെരുമ്പിള്ളിയാണ് കരൺ ചന്ദ് ആയി വേഷമിടുന്നത്. ഗപ്പി സിനിമാസ് അവതരിപ്പിക്കുന്ന ഈ ചിത്രം ജോൺ പോൾ ജോർജ്, അന്നം ജോൺ പോൾ, സൂരജ് ഫിലിപ്പ് ജേക്കബ് എന്നിവർ സംയുക്തമായാണ് നിർമ്മിക്കുന്നത്.

മലയാള സിനിമയിൽ മികച്ച സ്വഭാവ നടനായി ശ്രദ്ധേയനായ ബിബിൻ പെരുമ്പിള്ളി, ബ്ലോക്ക്ബസ്റ്റർ ഹിറ്റായ 'ലോക'യിൽ പോലീസ് ഓഫീസറുടെ വേഷത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. 'സെക്കന്റ് ഷോ', 'കൂതറ', 'ഉസ്താദ് ഹോട്ടൽ', 'തീവണ്ടി', 'കുറുപ്പ്', 'വിചിത്രം', 'വരനെ ആവശ്യമുണ്ട്', 'അടി', 'കിംഗ്‌ ഓഫ് കൊത്ത', 'റൈഫിൾ ക്ലബ്' തുടങ്ങിയ നിരവധി ചിത്രങ്ങളിലും താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കുന്ന "ആശാൻ" എന്ന ചിത്രത്തിൽ നൂറിലധികം പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. നടൻ ഇന്ദ്രൻസ് ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നു. നേരത്തെ പുറത്തിറങ്ങിയ നടൻ ഷോബി തിലകന്റെ ക്യാരക്ടർ പോസ്റ്ററും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

"രോമാഞ്ചം" എന്ന ചിത്രത്തിനു ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് 'ആശാൻ'. ചിത്രത്തിൻ്റെ ഛായാഗ്രഹണം വിമൽ ജോസ് തച്ചിൽ നിർവഹിക്കുന്നു. കിരൺ ദാസാണ് എഡിറ്റർ. സൗണ്ട് ഡിസൈൻ എംആർ രാജാകൃഷ്ണനും സംഗീതം ജോൺപോൾ ജോർജ്ജുമാണ് നിർവഹിച്ചിരിക്കുന്നത്. വിനായക് ശശികുമാർ ഗാനരചനയും അജീഷ് ആന്റോ പശ്ചാത്തല സംഗീതവും കൈകാര്യം ചെയ്യുന്നു. സെൻടൽ പിക്ചേഴ്സാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.