- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓസ്കര് യോഗ്യത നേടി അശ്വിൻ കുമാർ ഒരുക്കിയ 'മഹാവതാര്‍ നരസിംഹ'; മത്സരം അനിമേറ്റഡ് ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍; പട്ടികയിൽ 35 ചിത്രങ്ങൾ
ബെംഗളൂരു: 98-ാമത് അക്കാദമി അവാർഡിലെ മികച്ച അനിമേറ്റഡ് ഫീച്ചർ ഫിലിം വിഭാഗത്തിലേക്ക് യോഗ്യത നേടി അശ്വിൻ കുമാർ സംവിധാനം ചെയ്ത 'മഹാവതാർ നരസിംഹ' എന്ന അനിമേറ്റഡ് ചിത്രം. ഇന്ത്യൻ അനിമേറ്റഡ് സിനിമയ്ക്ക് ഇത് വലിയൊരു നേട്ടമായി വിലയിരുത്തപ്പെടുന്നു. 98-ാമത് അക്കാദമി അവാർഡിന്റെ ഔദ്യോഗിക ലിസ്റ്റ് പ്രകാരം, ഈ വിഭാഗത്തിൽ മത്സരിക്കുന്ന 35 ചിത്രങ്ങളിൽ ഒന്നാണ് 'മഹാവതാർ നരസിംഹ'.
അന്തിമ നോമിനികളുടെ പട്ടിക ഡിസംബർ 16-ന് പ്രഖ്യാപിക്കും. ആര്‍കോ, എലിയോ, സൂട്ടോപ്യ 2, ലിറ്റില്‍ അമീലീ ഓര്‍ദി കാരക്ടര്‍ ഓഫ് റെയിന്‍, ഇന്‍ യുവര്‍ ഡ്രീംസ്, ഡീമന്‍ സ്ലേയര്‍: കിമേറ്റ്‌സു നോ യായ്ബ ഇന്‍ഫിനിറ്റി കാസില്‍, ചെന്‍സോ മാൻ - ദി മൂവി: റെസ് ആര്‍ക് എന്നിവയുൾപ്പെടെയുള്ള പ്രമുഖ ചിത്രങ്ങളും ഈ പട്ടികയിലുണ്ട്.
'അനിമേറ്റഡ് എപിക് മിത്തോളജിക്കല്‍ ആക്ഷന്‍' വിഭാഗത്തിൽ പെടുന്ന 'മഹാവതാർ നരസിംഹ' പ്രഹ്ലാദന്റെ കഥയും നരസിംഹാവതാരത്തിന്റെ ഉദയവുമാണ് പറയുന്നത്. പ്രഹ്ളാദന്റെ ദിവ്യമായ ഭക്തി, തൻ്റെ പിതാവായ ഹിരണ്യകശിപുവിൻ്റെ ക്രൂരമായ അഹങ്കാരവും സ്വേച്ഛാധിപത്യവുമായി ഏറ്റുമുട്ടുന്ന ഒരു പുരാതന ലോകത്തേക്ക് ഈ ചിത്രം പ്രേക്ഷകരെ കൊണ്ടുപോകുന്നു.
കന്നഡ ഭാഷയിൽ ഒരുങ്ങിയ ചിത്രം തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിൽ റിലീസ് ചെയ്തിരുന്നു. കന്നഡയാണ് യഥാർത്ഥ ഭാഷയെങ്കിലും, ഹിന്ദി, തെലുങ്ക് ഭാഷകളിൽ നിന്നാണ് ഏറ്റവുമധികം കളക്ഷൻ നേടിയത്. ആഗോള ബോക്‌സോഫീസില്‍ 300 കോടിയിലേറെ രൂപയാണ് ചിത്രം വാരിക്കൂട്ടിയത്. ക്ലീം പ്രൊഡക്ഷൻസും കന്നഡയിലെ പ്രമുഖ ബാനറായ ഹൊംബാലെ ഫിലിംസും ചേർന്നാണ് 'മഹാവതാർ നരസിംഹ' നിർമ്മിച്ചത്. സാം സി എസ് സംഗീതം നിർവഹിച്ച ചിത്രത്തിന്റെ രചന ജയപൂർണ ദാസ് ആണ്. എഎ ഫിലിംസ് ആണ് ചിത്രത്തിന്റെ ഉത്തരേന്ത്യയിലെ വിതരണം നിർവഹിച്ചത്.




