കൊച്ചി: മിന്നൽ മുരളിക്കു ശേഷം ടൊവിനോ തോമസും ബേസിൽ ജോസഫും വീണ്ടും ഒന്നിക്കുന്ന 'അതിരടി'യുടെ ആവേശകരമായ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ബേസിൽ, ടൊവിനോ, വിനീത് ശ്രീനിവാസൻ എന്നിവർക്കൊപ്പം നായികമാരായ റിയ ഷിബുവും സരിൻ ഷിഹാബും പോസ്റ്ററിലുണ്ട്. നവാഗതനായ അരുൺ അനിരുദ്ധൻ സംവിധാനം ചെയ്യുന്ന ചിത്രം മേയ് 14-ന് തിയറ്ററുകളിലെത്തും.

ക്യാമ്പസ് പശ്ചാത്തലത്തിൽ ആക്ഷനും കോമഡിക്കും പ്രാധാന്യം നൽകിയൊരുക്കുന്ന പക്കാ ഫെസ്റ്റിവൽ ചിത്രമാണ് 'അതിരടി'. ഗംഭീര മേക്കോവറിലാണ് താരങ്ങൾ ചിത്രത്തിലെത്തുന്നത്. 'സാം ബോയ്' എന്ന കോളജ് വിദ്യാർത്ഥിയായി ബേസിൽ ജോസഫ് എത്തുമ്പോൾ, 'ശ്രീക്കുട്ടൻ വെള്ളായണി' എന്ന ഗായകനായാണ് ടൊവിനോയുടെ പകർന്നാട്ടം. വിനീത് ശ്രീനിവാസൻ തന്റെ തന്നെ പേരുള്ള കഥാപാത്രമായാണ് വേഷമിടുന്നത്. റിയ ഷിബു സ്വാതി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സംഗീത സംവിധായകൻ ഷാൻ റഹ്മാനും ചിത്രത്തിൽ ശ്രദ്ധേയ വേഷത്തിലുണ്ട്.

ബേസിൽ ജോസഫ് എന്റർടൈൻമെന്റ്‌സും ഡോ. അനന്തു എന്റർടൈൻമെന്റ്‌സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ബേസിൽ ആദ്യമായി നിർമ്മാണ പങ്കാളിയാകുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. ടൊവിനോ തോമസും സമീർ താഹിറുമാണ് കോ-പ്രൊഡ്യൂസർമാർ. മിന്നൽ മുരളിയുടെ രചയിതാക്കളിൽ ഒരാളായ അരുൺ അനിരുദ്ധൻ ആദ്യമായി സംവിധായകന്റെ തൊപ്പി അണിയുന്ന ചിത്രം കൂടിയാണിത്. പോൾസൺ സ്കറിയയും അരുൺ അനിരുദ്ധനും ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.

സാമുവൽ ഹെൻറി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം വിഷ്ണു വിജയ്‍യാണ്. ചമൻ ചാക്കോ എഡിറ്റിങ്ങും സുഹൈൽ കോയ ഗാനരചനയും നിർവഹിക്കുമ്പോൾ മാനവ് സുരേഷാണ് ചിത്രത്തിന്റെ കല കൈകാര്യം ചെയ്യുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം റിലീസിനെത്തും. വലിയ താരനിര അണിനിരക്കുന്ന 'അതിരടി' അവധിക്കാലത്ത് തിയറ്ററുകളെ പൂരപ്പറമ്പാക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രേമികൾ.