സന്‍ഫ്രാന്‍സിസ്‌കോ: ലോകമെമ്പാടുമുള്ള സിനിമാ ആസ്വാദകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ജെയിംസ് കാമറൂണിന്റെ ചലച്ചിത്ര ഫ്രഞ്ചെസി 'അവതാറിന്റെ' മൂന്നാം ഭാഗം പ്രഖ്യാപിച്ചു.'അവതാര്‍: ഫയര്‍ ആന്റ് ആഷ്' എന്നാണ് മൂന്നാം ഭാഗത്തിന് നല്‍കിയിരിക്കുന്ന പേര്.കാലിഫോര്‍ണിയയിലെ ഡി23 എക്സ്പോയിലാണ് സംവിധായകന്‍ ജെയിംസ് കാമറൂണ്‍ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. 2022 ല്‍ ഇറങ്ങിയ അവതാര്‍ വേ ഓഫ് വാട്ടര്‍ സിനിമയുടെ തുടര്‍ച്ചയായി എത്തുന്ന ചിത്രം 2025 ഡിസംബര്‍ 19ന് റിലീസ് ചെയ്യും.

തീജ്വാലകള്‍ക്ക് മുകളിലൂടെ നൃത്തം ചെയ്യുന്ന സല്‍ഡാനയുടെ കഥാപാത്രമായ നെയ്ത്തിരിയുടെ ചിത്രം ഉള്‍പ്പെടെയുള്ള സിനിമയില്‍ നിന്നുള്ള കണ്‍സെപ്റ്റ് ആര്‍ട്ടും കാമറൂണ്‍ ചടങ്ങില്‍ അവതരിപ്പിച്ചു.'നിങ്ങള്‍ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത കൂടുതല്‍ പന്റോറയെ പുതിയ ചിത്രത്തില്‍ നിങ്ങള്‍ കാണും, ഈ ഭാഗം തീര്‍ത്തും അഡ്വഞ്ചറായതും ഒപ്പം ദൃശ്യ വിരുന്നും ആയിരിക്കും.ഒപ്പം മുന്‍ ചിത്രങ്ങളെക്കാള്‍ കൂടിയ വൈകാരികത ഈ ചിത്രത്തിലുണ്ടാകും. അവതാറില്‍ നിങ്ങള്‍ക്ക് അറിയുന്നതും ഇഷ്ടപ്പെടുന്നതുമായ എല്ലാ കഥാപാത്രങ്ങളും ഞങ്ങള്‍ ശരിക്കും വെല്ലുവിളി നിറഞ്ഞ പുതിയ ഇടത്തേക്ക് ഈ ചിത്രത്തില്‍ സഞ്ചരിക്കുമെന്ന് ചടങ്ങില്‍ സംസാരിച്ച് ജെയിംസ് കാമറൂണ്‍ പറഞ്ഞു.

അവതാര്‍ സിനിമയിലെ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സോ സാല്‍ഡാനയും സാം വര്‍ത്തിംഗ്ടണും പ്രഖ്യാപന വേളയില്‍ സന്നിഹിതരായിരുന്നു.ഫ്രാഞ്ചൈസിയുടെ ആദ്യ ചിത്രമായ അവതാര്‍ 2009 ലാണ് പുറത്തിറങ്ങിയത്. തുടര്‍ന്ന് ഇതിന്റെ തുടര്‍ച്ചയായ അവതാര്‍: ദി വേ ഓഫ് വാട്ടര്‍ 2022-ല്‍ പുറത്തിറങ്ങി.നാവി എന്ന ആദിമ വര്‍ഗ്ഗം വസിക്കുന്ന പാന്റോറയിലേക്ക് റിസോഴ്‌സസ് ഡെവലപ്‌മെന്റ് അഡ്മിനിസ്‌ട്രേഷന്‍ (ആര്‍ഡിഎ) വീണ്ടും അധിനിവേശത്തിന് എത്തുന്നതും അവരുമായുള്ള നാവികളുടെ പോരാട്ടവും തന്നെയായിരുന്നു അവതാര്‍: ദി വേ ഓഫ് വാട്ടറും അവതരിപ്പിച്ചത്.

ഇതില്‍ പാന്റോറയിലെ കടല്‍ ജീവിതയും കാണിച്ചിരുന്നു.രണ്ടാം ഭാഗത്തിന്റെ തുടര്‍ച്ചയായിരിക്കും 'അവതാര്‍: ഫയര്‍ ആന്റ് ആഷ്' എന്നാണ് വിവരം. ഈ പുതിയ നാവി വംശമായ ആഷ് ഗോത്രത്തെ പുതിയ ചിത്രത്തില്‍ അവതരിപ്പിക്കും. ഗെയിം ഓഫ് ത്രോണ്‍സ് ഫെയിം ഊന ചാപ്ലിന്‍ ആഷ് പീപ്പിള്‍ നേതാവായ വരംഗിനെ അവതരിപ്പിക്കും എന്നാണ് വിവരം. ഡേവിഡ് തെവ്‌ലിസ്, മിഷേല്‍ യോ എന്നിവരും ചിത്രത്തിലുണ്ടാകും.