ലോക സിനിമ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ട സിനിമയാണ് ജെയിംസ് കാമറൂൺ ഒരുക്കിയ സയൻസ് ഫിക്ഷൻ ഫ്രാഞ്ചൈസിയായ അവതാർ. പുറത്തിറങ്ങിയ രണ്ട് ഭാഗങ്ങളും ലോകത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളുടെ പട്ടികയിൽ മുൻനിരയിലാണ്. ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന്റെ പ്രഖ്യാപനം നേരത്തെ തന്നെ എത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് മൂന്നാം ഭാഗമായി 'അവതാർ: ഫയർ ആൻഡ് ആഷ്'ന്റെ ട്രെയ്‌ലർ പുറത്തിറങ്ങിയത്. വലിയ സ്വീകാര്യതയാണ് ട്രെയ്‌ലറിന് ലഭിക്കുന്നത്. ചിത്രം ഡിസംബര്‍ 19 ന് തിയേറ്ററിലെത്തും.

ഇന്ത്യയിലുടനീളം ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ ചിത്രം റിലീസിനെത്തും. ‌ ഇന്ത്യയിലെ ഏറ്റവും വലിയ ഹോളിവുഡ് റിലീസ് ആയിരിക്കും ചിത്രം എന്നാണ് സൂചന. അവതാറിനെ പോലെ ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളെ ഇത്രത്തോളം വിസ്മയിപ്പിച്ച മറ്റൊരു ചിത്രമില്ല. 2009 ല്‍ പുറത്തിറങ്ങിയ ആദ്യ ഭാഗം 2.9 ബില്യൺ ഡോളറാണ് തിയേറ്ററുകളില്‍ നിന്ന് നേടിയത്. ഇതോടെ, എക്കാലത്തെയും ഏറ്റവും കൂടുതൽ വരുമാനം നേടിയ ചിത്രമായി അവതാർ മാറി.

2022-ൽ പുറത്തിറങ്ങിയ രണ്ടാംഭാ​ഗം 2.3 ബില്യൺ ഡോളർ നേടി പട്ടികയിൽ മൂന്നാം സ്ഥാനം സ്വന്തമാക്കി. സ്റ്റീഫൻ ലാങ്, ജോയൽ ഡേവിഡ് മൂർ, സി.സി.എച്ച്. പൗണ്ടർ, ജിയോവന്നി റിബിസി, ദിലീപ് റാവു, ട്രിനിറ്റി ജോ-ലി ബ്ലിസ്, ജാക്ക് ചാമ്പ്യൻ, മിഷേൽ യോ, ഡേവിഡ് തെവ്‌ലിസ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. അഞ്ച് ചിത്രങ്ങളാണ് അവതാർ ഫ്രാൻഞ്ചൈസിൽ റിലീസിനായി പദ്ധയിട്ടിരിക്കുന്നത്. നാലാമത്തെ ചിത്രം 2029-ലും അവസാത്തേത് 2031-ലും റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.