കൊല്‍ക്കത്ത: ബംഗാളി സിനിമയിലും ലൈംഗിക ചൂഷണം നടക്കുന്നുവെന്നും ജസ്റ്റിസ് ഹേമ കമ്മിറ്റി മാതൃകയില്‍ സംസ്ഥാനത്തും കമ്മീഷനെ നിയോഗിക്കണമെന്നും നടി റിതാഭരി ചക്രബര്‍ത്തി.സാമൂഹിക മാധ്യത്തില്‍ പങ്കുവച്ച കുറിപ്പിലാണ് നടി ഇക്കാര്യം ആവശ്യപ്പെട്ടത്.സ്ത്രീകളെ വെറും മാംസങ്ങളായി മാത്രം കാണുന്ന ചില സംവിധായകരും നടന്‍മാരും നിര്‍മാതാക്കളുമുണ്ട്. അവര്‍ ഇപ്പോഴും ആ മേഖലയില്‍ വ്യാപരിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ ടാഗ് ചെയ്തായിരുന്നു റിതാഭരി ചക്രബര്‍ത്തിയുടെ കുറിപ്പ്.

'മലയാള സിനിമാ വ്യവസായത്തിലെ ലൈംഗികാതിക്രമങ്ങള്‍ തുറന്നുകാട്ടുന്നതാണ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട്. ഇത്തരത്തില്‍ ബംഗാളി സിനിമാലോകത്ത് എന്തുകൊണ്ട് സമാനമായ നടപടികള്‍ ഉണ്ടാവുന്നില്ല. എനിക്കുണ്ടായതോ എനിക്കറിയാവുന്ന ചില നടികള്‍ക്കോ ഉണ്ടായ അനുഭവങ്ങള്‍ക്ക് സമാനമാണ് ആ റിപ്പോര്‍ട്ടിലുള്ളത്,' റിതാഭരി പറഞ്ഞു.ഹേമ കമ്മീഷന്‍ മാതൃകയില്‍ സമാനമായ അന്വേഷണം ഇവിടെയും വേണമെന്ന് നടി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. നല്ല സ്വപ്നങ്ങളുമായി ഈ മേഖലയിലെത്തുന്ന യുവാക്കള്‍ ഇത് മധുരത്തില്‍ പൊതിഞ്ഞ വേശ്യാലായമാണെന്ന് അധികം വൈകാതെ മനസിലാക്കുന്നു. അവരോട് നമുക്ക് ഒരു ഉത്തരവാദിത്വമില്ലേയെന്ന് കുറിപ്പില്‍ പറയുന്നു.

ബംഗാളി സിനിമയിലും ഒരുവിഭാഗം ആളുകള്‍ ഇത്തരത്തില്‍ പെരുമാറുന്നുണ്ട്.അവരുടെ മുഖം മൂടികള്‍ അഴിഞ്ഞുവീഴണമെന്നും നടി പറയുന്നു. സ്ത്രീകളെ വെറും മാംസങ്ങളായി മാത്രം കാണുന്ന ചില സംവിധായകരും നടന്‍മാരും നിര്‍മാതാക്കളുമുണ്ട്. അവര്‍ ഇപ്പോഴും ആ മേഖലയില്‍ വ്യാപരിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.