കൊച്ചി: മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമെന്ന നിലയിൽ വലിയ ചർച്ചയായ 'ബറോസ്'. വലിയ പ്രതീക്ഷയോടെ തീയേറ്ററുകളിൽ എത്തിയ മോഹൻലാൽ ചിത്രത്തിന് ബോക്സ് ഓഫീസിൽ വലിയ ചലനമുണ്ടാക്കാൻ സാധിച്ചിട്ടില്ല. ഒറിജിനല്‍ 3 ഡിയില്‍ കുട്ടികള്‍ക്ക് ഇഷ്‍ടപ്പെടുന്ന തരത്തിൽ ഒരുക്കപ്പെട്ടിരിക്കുന്ന ചിത്രത്തിൽ ഇന്ത്യയിൽ നിന്നും വിദേശത്ത് നിന്നും പ്രതിഭാശാലികളായ നിരവധി ടെക്‌നിഷ്യൻസാണ് പ്രവർത്തിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രം ഒ.ടി.ടിയിലെത്തുകയാണ്. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. തീയതി പുറത്തുവിട്ടിട്ടില്ല. എന്നാൽ ജനുവരി അവസാനഭാഗം സ്ട്രീമിങ്ങിനെത്തുമെന്നാണ് വിവരം. ഹോട്സ്റ്റാർ ചിത്രത്തിന്റെ റിലീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്.

അഡ്വാൻസ് ബുക്കിംഗിലും ആദ്യ ദിനത്തിലും മികച്ച പ്രകടനം കാഴ്ചവെച്ച ചിത്രത്തിന് തുടർന്ന് വന്ന ദിവസങ്ങളിൽ പ്രതീക്ഷകൾക്കൊത്ത് ഉയരാനായില്ല. മാർക്കോയുടെ തകർപ്പൻ മുന്നേറ്റവും മോഹൻലാൽ ചിത്രത്തിന് നെഗറ്റീവായി ബാധിച്ചുവെന്നാണ് മനസ്സിലാക്കേണ്ടത്. ബറോസിനെ പ്രശംസിച്ച് വിവിധ സംവിധായകരടക്കം രംഗത്ത് എത്തിയിരുന്നു. എന്നാൽ ഈ അഭിപ്രായങ്ങളൊന്നും ബറോസിന്റെ ബോക്സ് ഓഫീസിൽ കാര്യമായ ചലനം ഉണ്ടാക്കുന്നില്ലെന്നാണ് കളക്ഷൻ കണക്കുകളിൽ നിന്നും തെളിയുന്നത്.

ആശിർവാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് 'ബറോസ്' നിർമ്മിക്കുന്നത്. മായ, സാറാ വേഗ, തുഹിന്‍ മേനോന്‍, ഗുരു സോമസുന്ദരം , സീസര്‍ ലോറന്റെ റാട്ടണ്‍, ഇഗ്നാസിയോ മറ്റിയോസ്, കല്ലിറോയ് സിയാഫെറ്റ, സീസര്‍ ലോറന്റെ റാറ്റണ്‍, കോമള്‍ ശര്‍മ്മ, പത്മാവതി റാവു, പെഡ്രോ ഫിഗ്യൂറെഡോ, ജയചന്ദ്രന്‍ പാലാഴി ഗീതി സംഗീത എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. കൗമാരക്കാരനായ സംഗീത വിസ്മയം ലിഡിയന്‍ നാദസ്വരമാണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍. അമേരിക്കന്‍ ടെലിവിഷന്‍ ചാനലായ സിബിഎസിന്‍റെ വേള്‍ഡ്സ് ബെസ്റ്റ് പെര്‍ഫോമര്‍ അവാര്‍ഡ് നേടിയ ലിഡിയന്‍റെ ആദ്യ സിനിമയാണ് ബറോസ്.