കൊച്ചി: പ്രേക്ഷകരെ തന്റെ അഭിനയ മികവ് കൊണ്ട് വിസ്മയിപ്പിച്ച മലയാളത്തിന്റെ സ്വന്തം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് 'ബറോസ്'. ഒറിജിനല്‍ 3 ഡിയില്‍ ഒരുക്കപ്പെട്ടിരിക്കുന്ന ചിത്രത്തിൽ ഇന്ത്യയിൽ നിന്നും വിദേശത്ത് നിന്നും പ്രതിഭാശാലികളായ നിരവധി ടെക്‌നിഷ്യൻസാണ് പ്രവർത്തിച്ചിരിക്കുന്നത്. പ്രഖ്യാപനം എത്തിയത് മുതൽ വലിയ ചർച്ചയായ ചിത്രം ആദ്യ ദിനത്തിൽ മികച്ച ബോക്സ് ഓഫീസ് പ്രകടനം കാഴ്ച വെച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ദിവസത്തെ കളക്ഷൻ റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ബറോസ് ആകെ 4.62 കോടി രൂപയാണ് നെറ്റായി നേടിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

റിലീസിന് കേരളത്തില്‍ നെറ്റ് 3.35 കോടി രൂപയായിരുന്നു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്.. ഇന്നലെയാകട്ടെ മോഹൻലാലിന്റെ ബറോസിന് 1.27 കോടി രൂപയേ നേടാനായുള്ളൂ എന്നാണ് കണക്കുകൾ പറയുന്നത്. മികച്ച അഭിപ്രായം നേടി മുന്നേറുന്ന ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ യുമായി ക്ലാഷിനെത്തിയ 'ബറോസ്' ബോക്സ് ഓഫീസിൽ നിരാശയാകുമെന്നാണ് മനസ്സിലാക്കേണ്ടത്. മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ സംവിധായകന്‍ ജിജോ പുന്നൂസ് ആണ് ബറോസിന് തിരക്കഥ ഒരുക്കുന്നത്. സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

മോഹന്‍ലാല്‍ ആണ് ടൈറ്റില്‍ കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത്. മാര്‍ക്ക് കിലിയനാണ് പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്നത്. പ്രശസ്ത കലാസംവിധായകനായ സന്തോഷ് രാമനാണ് സെറ്റുകള്‍ ഡിസൈന്‍ ചെയ്യുന്നത്. നിരവധി വിദേശ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ആശിർവാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് 'ബറോസ്' നിർമ്മിക്കുന്നത്.

മായ, സാറാ വേഗ, തുഹിന്‍ മേനോന്‍, ഗുരു സോമസുന്ദരം , സീസര്‍ ലോറന്റെ റാട്ടണ്‍, ഇഗ്നാസിയോ മറ്റിയോസ്, കല്ലിറോയ് സിയാഫെറ്റ, സീസര്‍ ലോറന്റെ റാറ്റണ്‍, കോമള്‍ ശര്‍മ്മ, പത്മാവതി റാവു, പെഡ്രോ ഫിഗ്യൂറെഡോ, ജയചന്ദ്രന്‍ പാലാഴി ഗീതി സംഗീത എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. കൗമാരക്കാരനായ സംഗീത വിസ്മയം ലിഡിയന്‍ നാദസ്വരമാണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍. അമേരിക്കന്‍ ടെലിവിഷന്‍ ചാനലായ സിബിഎസിന്‍റെ വേള്‍ഡ്സ് ബെസ്റ്റ് പെര്‍ഫോമര്‍ അവാര്‍ഡ് നേടിയ ലിഡിയന്‍റെ ആദ്യ സിനിമയാണ് ബറോസ്.