- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഡോമൻ ചാക്കോ'യായി ബേസിൽ ജോസഫ്; ശിവകാർത്തികേയൻ നായകനായ 'പരാശക്തി'യിലെ സര്‍പ്രൈസ് കാമിയോ റോളിന് വന്‍ കൈയടി
കൊച്ചി: ബേസിൽ ജോസഫ് തമിഴിൽ അരങ്ങേറ്റം കുറിച്ച ശിവകാർത്തികേയൻ ചിത്രം 'പരാശക്തി'ക്ക് മികച്ച പ്രതികരണം. കഴിഞ്ഞ ദിവസം പൊങ്കൽ റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രത്തിലെ ബേസിലിന്റെ അതിഥി വേഷത്തിന് തമിഴ്‌നാട്ടിലെ പ്രേക്ഷകരിൽനിന്ന് വലിയ കൈയടിയാണ് ലഭിക്കുന്നത്. ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ തമിഴ് പ്രേക്ഷകർക്കിടയിൽ ബേസിലിനുള്ള സ്വീകാര്യതയുടെ തെളിവായി ഈ പ്രതികരണത്തെ വിലയിരുത്തുന്നു.
ചിത്രത്തിൽ 'ഡോമൻ ചാക്കോ' എന്ന കഥാപാത്രമായാണ് ബേസിൽ ജോസഫ് അതിഥി വേഷത്തിലെത്തിയത്. സ്ക്രീൻ ടൈം കുറവാണെങ്കിലും, ബേസിലിന്റെ സാന്നിധ്യത്തിന് തിയേറ്ററുകളിൽ ലഭിച്ച സ്വീകരണം, തമിഴ് പ്രേക്ഷകർക്കിടയിൽ അദ്ദേഹത്തിന്റെ മുൻകാല ചിത്രങ്ങൾക്കും പ്രകടനങ്ങൾക്കും ലഭിച്ച അംഗീകാരത്തെയാണ് സൂചിപ്പിക്കുന്നത്. തെലുങ്ക് താരം റാണ ദഗുബാട്ടി, കന്നഡ താരം ധനഞ്ജയ എന്നിവരും ചിത്രത്തിൽ അതിഥി വേഷങ്ങളിൽ എത്തുന്നുണ്ട്.
'ഇരുധി സുട്രു', 'സൂരറൈ പോട്ര്' തുടങ്ങിയ പ്രശംസ നേടിയ ചിത്രങ്ങളൊരുക്കിയ സുധ കൊങ്കരയാണ് 'പരാശക്തി'യുടെ സംവിധായിക. സുധ കൊങ്കരയ്ക്കൊപ്പം അർജുൻ നടേശനും ഗണേശയും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഡോൺ പിക്ചേഴ്സാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 1965-ൽ തമിഴ്‌നാട്ടിൽ നടന്ന ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഒരു ചരിത്ര-രാഷ്ട്രീയ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണിത്.
ശിവകാർത്തികേയനൊപ്പം രവി മോഹൻ, അഥർവ്വ, ശ്രീലീല, കുളപ്പുള്ളി ലീല, പ്രകാശ് ബാലവാടി, ദേവ് രാംനാഥ്, പൃഥ്വി രാജൻ, ഗുരു സോമസുന്ദരം, ചേതൻ, കാളി വെങ്കട്, പാപ്രി ഘോഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രവി കെ ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. പൊങ്കൽ റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രം, തമിഴ്‌നാട്ടിൽ ശിവകാർത്തികേയന്റെ കരിയറിലെ രണ്ടാമത്തെ മികച്ച ഓപ്പണിംഗ് കളക്ഷൻ നേടിയിട്ടുണ്ട്.




