തമിഴ് യുവ സംവിധായകരിൽ ഏറ്റവും ശ്രദ്ധേയനായ ആളാണ് ലോകേഷ് കനകരാജ്. 'മാനഗരം' എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച ലോകേഷ് ഇന്ന് തെന്നിന്ത്യയിലെ തന്നെ തിരക്കേറിയ സംവിധായകരിൽ ഒരാളാണ്. ലോകേഷ് കെട്ടിപ്പടുത്തത് 'എൽസിയു' എന്ന സാമ്രാജ്യം ആണ് ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയത്. കൈതി എന്ന കാർത്തി ചിത്രത്തിലൂടെ തുടങ്ങിയ 'എൽസിയു' ലിയോയിൽ ആണ് ഏറ്റവും ഒടുവിൽ എത്തിയത്.

ഇതിന്റെ തുടർച്ചയായി വരാനിരിക്കുന്നത് ചിത്രങ്ങൾക്കായി ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഇപ്പോൾ എൽസിയുവിൽ രാഘവ ലോറൻസും ഭാ​ഗമാണെന്ന് അറിയിച്ച് രം​ഗത്ത് എത്തിയിരിക്കുകയാണ് ലോകേഷ് കനകരാജ്.

ലോറൻസിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ആയിരുന്നു ലോകേഷ് കനകരാജിന്റെ പ്രഖ്യാപനം. 'ബെന്‍സ്' എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ കിടിലന്‍ പ്രൊമോ വീഡിയോയും ലോകേഷ് പുറത്തുവിട്ടിട്ടുണ്ട്. ലോറൻസിനെ നായകനാക്കി ലോകേഷ് രചന നിർവഹിക്കുന്ന ഒരു ചിത്രം ഭാഗ്യരാജ് കണ്ണന്‍ സംവിധാനം ചെയ്യുന്നതായി നേരത്തെ വാർത്തകൾ വന്നിരുന്നു.

എന്നാൽ അത് 'എൽസിയു' വിൽ ഉൾപ്പെട്ടതാണെന്ന വിവരം വലിയ പ്രതീക്ഷകളാണ് നൽകുന്നത്. പ്രോമോ വീഡിയോയിൽ ഒരു ഷെഫിന്റെ വേഷത്തിൽ തോക്കുമായി നിൽക്കുന്ന ലോറൻസിനെയാണ് അവതരിപ്പിച്ചിരിക്കുന്നത്. റോളക്സിനെ പോലെ നെഗറ്റീവ് കഥാപാത്രമാകാം ഇതെന്നാണ് സൂചന.

ലോകേഷിന്റെ നിര്‍മ്മാണ കമ്പനിയായ ജി സ്‌ക്വാഡുമായി സഹകരിച്ച് പാഷന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയാണ് ചിത്രം നിര്‍മിക്കുന്നത്. എല്‍സിയുവിന്‍റെ ഭാഗമായി ലിയോയ്ക്ക് ശേഷം വരാനിരിക്കുന്നത് ഒരു ഫീച്ചര്‍ ചിത്രമല്ലെന്നും മറിച്ച് ഒരു ഷോര്‍ട്ട് ഫിലിം ആണെന്നും ലോകേഷ് കനകരാജ് അടുത്തിടെ പറഞ്ഞിരുന്നു.

പിന്നാലെ ഇതിന്റെ പോസ്റ്ററും റിലീസ് ചെയ്തിരുന്നു. ഒരു ഷോട്ട്, രണ്ട് കഥകള്‍, 24 മണിക്കൂറുകള്‍ എന്നാണ് പോസ്റ്ററില്‍ എഴുതിയിരുന്നത്. എല്‍സിയുവിന്‍റ 10 മിനിറ്റ് ആമുഖം എന്ന അടിക്കുറിപ്പും പോസ്റ്ററില്‍ ഉണ്ടായിരുന്നു.