കൊച്ചി: വൻ വിവാദങ്ങൾക്ക് വഴിവെച്ച 'ദ കേരള സ്റ്റോറി' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'ബിയോണ്ട് ദി കേരള സ്റ്റോറി'യുടെ ടീസറിന് ട്രോൾ മഴ. ദേശീയ അവാർഡ് ജേതാവ് കാമാഖ്യ നാരായണ സിങ് സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി 27-ന് തിയറ്ററുകളിൽ എത്തും. ടീസർ പുറത്തിറങ്ങിയതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായ വിമർശനങ്ങളും പരിഹാസങ്ങളും ഉയർന്നിട്ടുണ്ട്.

രണ്ട് മിനിറ്റും ആറ് സെക്കൻഡും ദൈർഘ്യമുള്ള ടീസറിൽ ചിത്രത്തിലെ മൂന്ന് പ്രധാന കഥാപാത്രങ്ങളെയാണ് പരിചയപ്പെടുത്തുന്നത്. ആദ്യ ഭാഗത്തിൽ 'ശാലിനി ഉണ്ണികൃഷ്ണൻ' എന്ന കഥാപാത്രമായിരുന്നെങ്കിൽ, ഈ ഭാഗത്തിൽ 'സുരേഖ നായർ' എന്ന കഥാപാത്രമാണ് കേന്ദ്ര സ്ഥാനത്ത്. "നമ്മുടെ പെൺകുട്ടികൾ പ്രണയത്തിലല്ല, മറിച്ച് കെണികളിലാണ് വീഴുന്നത്. ഇനി ഞങ്ങളിത് സഹിക്കില്ല, പോരാടും," എന്ന തലക്കെട്ടോടെയാണ് ടീസർ റിലീസ് ചെയ്തിരിക്കുന്നത്. യഥാർഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട കഥയാണിതെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു.

വിപുൽ ഷാ നിർമിച്ച് ആഷിൻ എ. ഷാ സഹനിർമാതാവായ ഈ ചിത്രം, സുദീപ്തോ സെൻ സംവിധാനം ചെയ്ത 'ദ കേരള സ്റ്റോറി'യുടെ തുടർച്ചയാണ്. കേരളത്തെ മോശമായി ചിത്രീകരിക്കാനുള്ള പ്രൊപ്പഗണ്ട ചിത്രമാണെന്ന് ആരോപിച്ച് വലിയ വിമർശനങ്ങൾ നേരിട്ട ഒന്നായിരുന്നു ആദ്യ ഭാഗം. ചിത്രത്തിന് ലഭിച്ച രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകൾ ദേശീയ പുരസ്കാരങ്ങളുടെ നിലവാരം തരംതാഴ്ത്തിയെന്ന വിമർശനത്തിനും വഴിവെച്ചിരുന്നു.

'ബിയോണ്ട് ദി കേരള സ്റ്റോറി'യുടെ ടീസറിനെതിരെയും സാമൂഹിക മാധ്യമങ്ങളിൽ ശക്തമായ പ്രതികരണങ്ങളാണുയരുന്നത്. "മുല്ലപ്പൂ ആട്ടൽ മിസ്സിംഗ്‌. സിനിമയിൽ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു," "ഇതിലെവിടെയാണ് കേരള സ്റ്റോറി?", "അടുത്ത ഓസ്കറിനുള്ള വകയായി," "നാഷണൽ അവാർഡ് ഉറപ്പ്" എന്നിങ്ങനെയുള്ള പരിഹാസ കമന്റുകളാണ് ടീസറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

കേരളത്തിനെതിരെ വീണ്ടും വിദ്വേഷ പ്രചരണം ലക്ഷ്യമിട്ടു കൊണ്ടുള്ള പ്രൊപ്പഗാണ്ടയാണ് ചിത്രമെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. വസ്തുതയ്ക്ക് നിരക്കാത്ത, കല്ലുവച്ച നുണകള്‍ പറഞ്ഞ് കേരളത്തെക്കുറിച്ച് തെറ്റായ നരേറ്റീവുണ്ടാക്കുകയാണ് സിനിമയുടെ ലക്ഷ്യമെന്നും പലരും കമന്റ് ചെയ്യുന്നുണ്ട്. അതേസമയം സിനിമയുടെ കഥയും കഥാപരിസരവും അണിയറ പ്രവര്‍ത്തര്‍ പുറത്ത് വിട്ടിട്ടില്ല. ടീസറിലും വ്യക്തമായ സൂചനകളില്ല. ആദ്യ ഭാഗത്തിനെതിരെ കേരളത്തിന് അകത്തും പുറത്തും ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. 20 കോടിയ്ക്ക് ഒരുക്കിയ സിനിമ ബോക്‌സ് ഓഫീസില്‍ നേടിയത് 300 കോടിയായിരുന്നു.