- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രിസ്മസ് റിലീസുകൾ തിയേറ്ററുകളിലെത്തിയതോടെ കളക്ഷനിൽ ഇടിവ്; ദിലീപ് ചിത്രം 'ഭ ഭ ബ' ഒമ്പതാം ദിവസം നേടിയതെത്ര?; കണക്കുകൾ പുറത്ത്
കൊച്ചി: പുതിയ ക്രിസ്മസ് റിലീസുകൾ തിയേറ്ററുകളിലെത്തിയതോടെ ദിലീപ് നായകനായ 'ഭ ഭ ബ'യുടെ ബോക്സ് ഓഫീസ് കളക്ഷനിൽ ഇടിവ്. ചിത്രം റിലീസ് ചെയ്ത് ഒമ്പതാം ദിവസം 56 ലക്ഷം രൂപ മാത്രമാണ് നേടിയതെന്നാണ് റിപ്പോർട്ടുകൾ. തൊട്ടു തലേദിവസം, അതായത് എട്ടാം ദിവസം 1.2 കോടി രൂപ നേടിയിരുന്നു. റിലീസ് ചെയ്തതുമുതൽ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചിരുന്നത്. നവാഗതനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ദിലീപിനൊപ്പം വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
നിർമ്മാതാക്കൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം, ആദ്യ നാല് ദിവസങ്ങൾ കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ നിന്ന് 'ഭ ഭ ബ' 41.30 കോടി രൂപ നേടിയിരുന്നു. പ്രമുഖ ട്രേഡിംഗ് അനലിസ്റ്റുകളായ സാക്നിൽക്കിന്റെ റിപ്പോർട്ട് അനുസരിച്ച്, കേരളത്തിൽ നിന്ന് മാത്രം ചിത്രം 21.46 കോടി രൂപ സ്വന്തമാക്കി. ചിത്രത്തിന്റെ ആഗോള ഓപണിംഗ് 15 കോടി രൂപയ്ക്ക് മുകളിലായിരുന്നു.
മോഹൻലാലിന്റെ മാസ് അതിഥി വേഷം ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു. സിദ്ധാർത്ഥ് ഭരതൻ, ബൈജു സന്തോഷ്, ബാലു വർഗീസ്, സലിം കുമാർ, അശോകൻ, ദേവൻ, ബിജു പപ്പൻ, ജി സുരേഷ് കുമാർ, നോബി, വിജയ് മേനോൻ, റിയാസ് ഖാൻ, സെന്തിൽ കൃഷ്ണാ, റെഡിൻ കിംഗ്സ്ലി (തമിഴ്), ഷമീർ ഖാൻ (പ്രേമലു ഫെയിം) ഷിൻസ്, ശരണ്യ പൊൻ വണ്ണൻ, നൂറിൻ ഷെറീഫ്, ധനശ്രീ, ലങ്കാ ലഷ്മി, കോറിയോഗ്രാഫർ സാൻഡി എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.
ഫാഹിം സഫറും നൂറിൻ ഷെരീഫും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചത്. ധനഞ്ജയ് ശങ്കർ തന്നെയാണ് അഡീഷണൽ തിരക്കഥയും സംഭാഷണവും ഒരുക്കിയത്. ബൈജു ഗോപാലൻ, വി സി പ്രവീൺ എന്നിവരാണ് ചിത്രത്തിന്റെ കോ പ്രൊഡ്യൂസേർസ്. കൃഷ്ണമൂർത്തി എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും ഡ്രീം ബിഗ് ഫിലിംസ് കേരളത്തിലെ വിതരണ പങ്കാളിയായും പ്രവർത്തിക്കുന്നു.




