കൊച്ചി: മലയാള സിനിമാസ്വാദകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ദിലീപ് ചിത്രം 'ഭഭബ' (ഭയം ഭക്തി ബഹുമാനം) ഡിസംബർ 18ന് തിയേറ്ററുകളിൽ സ്ഥിരീകരിച്ച് എത്തുമെന്ന് അണിയറപ്രവർത്തകർ. ചിത്രത്തിന്റെ ട്രെയിലർ റിലീസുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങളെ തിരക്കഥാകൃത്തുക്കളിൽ ഒരാളായ നൂറിൻ ഷെരീഫ് തള്ളിപ്പറഞ്ഞു. മാസ് കോമഡി എന്റർടെയ്നറായി ഒരുങ്ങുന്ന ഈ ചിത്രത്തിൽ ദിലീപിന് പുറമെ ധ്യാൻ ശ്രീനിവാസനും വിനീത് ശ്രീനിവാസനും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

നടൻ മോഹൻലാൽ അതിഥി വേഷത്തിലെത്തുന്ന 'ഭഭബ'യിൽ ദിലീപും മോഹൻലാലും ഒന്നിച്ചുള്ള ഗാനരംഗവും മോഹൻലാലിന്റെ ആക്ഷൻ രംഗങ്ങളും ഉൾപ്പെടുന്നതായാണ് വിവരം. ഗോകുലം മൂവീസാണ് ചിത്രത്തിന്റെ നിർമ്മാണം. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് കുറ്റവിമുക്തനായതിന് പിന്നാലെയാണ് സിനിമയുമായി ബന്ധപ്പെട്ട ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായത്.

നേരത്തെ ഡിസംബർ 8നോ 9നോ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങുമെന്ന അഭ്യൂഹങ്ങൾ വ്യാപകമായിരുന്നു. എന്നാൽ ഇത്തരം പ്രചാരണങ്ങളെ നൂറിൻ ഷെരീഫ് ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നിഷേധിച്ചു. "ഭഭബയുടെ ട്രെയിലർ ഡിസംബർ 8ന് റിലീസ് ചെയ്യുമെന്ന് ഞങ്ങൾ പറഞ്ഞിരുന്നില്ല. എന്തെങ്കിലും വിവരങ്ങൾ ഉണ്ടെങ്കിൽ ഔദ്യോഗികമായി അറിയിക്കും. സിനിമ ഡിസംബർ 18ന് തന്നെ റിലീസ് ചെയ്യും," നൂറിൻ ഷെരീഫ് വ്യക്തമാക്കി.

ചിത്രം പ്രേക്ഷകരിലേക്ക് എത്തുമ്പോൾ എങ്ങനെ സ്വീകരിക്കപ്പെടും എന്നതിനെക്കുറിച്ച് തനിക്ക് ആകാംഷയും ആശങ്കയുമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. നൂറിൻ ഷെരീഫും ഭർത്താവ് ഫാഹിം സഫറും ചേർന്നാണ് 'ഭഭബ'യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിദ്ധാർത്ഥ് ഭരതൻ, ബൈജു സന്തോഷ്, ബാലു വർഗീസ്, അശോകൻ, ജി. സുരേഷ് കുമാർ, നോബി, സെന്തിൽ കൃഷ്ണ, റെഡിൻ കിങ്‌സിലി, ഷിൻസ്, ശരണ്യ പൊൻ വണ്ണൻ, ധനശ്രീ, ലങ്കാ ലക്ഷ്മി, കൊറിയോഗ്രാഫർ സാൻ്റി മാസ്റ്റർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.